തൃക്കാക്കരയില്‍ ആര്‍ക്കൊപ്പം; ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഇന്നറിയാം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഇന്ന് പ്രഖ്യാപിക്കും.ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും ചേര്‍ന്ന് രൂപീകരിച്ച സഖ്യം ഇന്ന് മൂന്ന് മണിക്ക് കിറ്റക്‌സ് ആസ്ഥാനത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കും. യുഡിഎഫിനും എല്‍ഡിഎഫിനും ട്വന്റി ട്വന്റിയുടെ വോട്ടുകളില്‍ പ്രതീക്ഷയുണ്ട്.

മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാനാണ് സാധ്യത. ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുകയാണ്. സാബു എം ജേക്കബ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ യുഡിഎഫിന് പ്രതീക്ഷയേറെയാണ്.

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ കിഴക്കമ്പലത്ത് എത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്. ‘ജനക്ഷേമ സഖ്യം’ എന്ന പേരിലായിരിക്കും മുന്നണി അറിയപ്പെടുക. കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഡല്‍ഹിയില്‍ എന്തു കാര്യം നടക്കാനും കൈക്കൂലി നല്‍കണമായിരുന്നു. എന്നാല്‍ എഎപി അധികാരത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ കൈക്കൂലി ഇല്ലാതാക്കിയെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. കിഴക്കമ്പലം കിറ്റക്‌സ് ഗാര്‍മെന്റ്‌സ് വളപ്പില്‍ നടന്ന പൊതു സമ്മേളനത്തിലാണ് അദ്ദേഹം പുതിയ സഖ്യം പ്രഖ്യാപിച്ചത്.

ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് വലിയ മതിപ്പുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. പത്തു വര്‍ഷം മുന്‍പ് ആം ആദ്മി പാര്‍ട്ടിയേയോ അരവിന്ദ് കേജ്രിവാളിനെയോ ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഞങ്ങള്‍ പാര്‍ട്ടിയുണ്ടാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കി. ഒന്നല്ല മൂന്നു വട്ടം. പിന്നീട് പഞ്ചാബിലും സര്‍ക്കാരുണ്ടാക്കി. ഇനി കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.