വിഎസിന്റെ മുന്‍ പിഎ സുരേഷ് മലമ്പുഴയില്‍ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും?, വി ഡി സതീശന്റെ പുതുയുഗ യാത്രയിലേക്ക് ക്ഷണം, പ്രഖ്യാപനം ഉണ്ടായേക്കും

വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഏകദേശ ധാരണയായതായി സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയിലേക്ക് എ സുരേഷിനെ ക്ഷണിച്ചിട്ടുണ്ട്. ചൊവ്വാഴ്ച യാത്ര മലമ്പുഴയിലെത്തുമെന്നിരിക്കെ എ സുരേഷിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിയരുത്തപ്പെടുന്നത്. ജാഥയിലേക്ക് യുഡിഎഫ് നേതാക്കള്‍ ക്ഷണിച്ചിട്ടുള്ളതായി സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പങ്കെടുക്കണോ എന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് എ സുരേഷ് പ്രതികരിച്ചിരിക്കുന്നത്.

മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ച് സുരേഷുമായി യുഡിഎഫ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ എന്തുകൊണ്ട് സിപിഎം തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ട് സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. കെപിസിസി നേതാക്കള്‍ എ സുരേഷുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഇടത് കോട്ടയായ മലമ്പുഴയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

1965ല്‍ നിലവില്‍ വന്ന മലമ്പുഴ മണ്ഡലത്തില്‍ നാളിതുവരെ സിപിഎം മാത്രമാണ് ജയിച്ചിട്ടുള്ളത്. വി എസ് അച്യുതാനന്ദനും ഇ കെ നായനാരും ടി ശിവദാസനും ഉള്‍പ്പെടെ പാര്‍ട്ടിയുടെ തലപ്പൊക്കമുള്ള നേതാക്കന്മാര്‍ പലവട്ടം പ്രതിനിധീകരിച്ച മണ്ഡലമാണ് മലമ്പുഴ. എ. പ്രഭാകരനാണ് മലമ്പുഴയിസെ സിറ്റിങ് എംഎല്‍എ.

Read more

യുഡിഎഫ് കഴിഞ്ഞ രണ്ട് തവണയായി ബിജെപിക്കും പിന്നില്‍ മൂന്നാമതായി പോയ സീറ്റാണ് മലമ്പുഴ എന്ന് കൂടി ചേര്‍ത്ത് വായിക്കണം. വി.എസിന്റെ വിശ്വസ്ത അനുയായി ആയിരുന്ന സുരേഷിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ മണ്ഡലത്തില്‍ ഏതെങ്കിലും രീതിയില്‍ ചലനമുണ്ടാക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. സിപിഎമ്മിന്റെ ചുവപ്പുകോട്ടയില്‍ സുരേഷിനെ പോലൊരാളെ മത്സരിപ്പിക്കുന്നത് മണ്ഡലത്തിന് കൂടുതല്‍ രാഷ്ട്രീയ-മാധ്യമ ശ്രദ്ധ കിട്ടുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. ദീര്‍ഘകാലം വി എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു എ സുരേഷ്. സിപിഎം പിന്നീട് എ സുരേഷിനെ പുറത്താക്കിയതടക്കം വലിയ വാര്‍ത്തയായിരുന്നു.