കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി മോദി പ്രശംസ തുടര്‍ന്ന തിരുവനന്തപുരം എംപി ശശി തരൂരിന് ബിജെപി ഉപരാഷ്ട്രപതി സ്ഥാനം വെച്ചുനീട്ടുമോ?. ഇന്നലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ പെട്ടെന്നുള്ള രാജി പ്രഖ്യാപനം ശശി തരൂരിന് വഴിയൊരുക്കാനാണെന്ന വിശകലനമാണ് പുറത്തുവരുന്നത്. എഐസിസിയിലും കേരളത്തിലേയും കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചു കൊണ്ട് പാര്‍ട്ടി തിട്ടൂരങ്ങള്‍ വിലകല്‍പ്പിക്കാതെ ശശി തരൂര്‍ നീങ്ങിയത് ബിജെപിയിലൂടെ ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ക്കാണെന്ന് പലകുറി വിമര്‍ശനം ഉയര്‍ന്നിരുന്നു.
തരൂരിനെ പാര്‍ട്ടി ചുമതലകള്‍ നല്‍കിയാല്‍ തങ്ങള്‍ ഇത്രയും കാലം ഉയര്‍ത്തിക്കൊണ്ടുവന്ന അവകാശവാദങ്ങള്‍ പൊളിയുമെന്ന് അറിയാവുന്ന ബിജെപി, ഭരണഘടനാ സ്ഥാനം നല്‍കി തരൂരിനെ പുറത്തെത്തിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഏറ്റവും പ്രഗല്‍ഭര്‍ ബിജെപി മന്ത്രിസഭയിലും പാര്‍ട്ടിയിലും ഉണ്ടെന്ന് ഗ്യാരന്റി പറയുന്ന നേതൃത്വത്തിന് ശശി തരൂരിനെ പാര്‍ട്ടി സ്ഥാനമാനങ്ങളിലേക്ക് ക്ഷണിക്കുന്നതിലും നല്ല അടവ് ഭരണഘടന സ്ഥാനം നല്‍കി കോണ്‍ഗ്രസിനെ തമ്മില്‍തല്ല് ചര്‍ച്ചയ്ക്ക് ഇട്ടുകൊടുക്കുകയാണ്.
ശശി തരൂരിന്റെ കഴിഞ്ഞ കുറച്ചുനാളായുള്ള പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയേയും നേതാക്കളേയും തരൂരിനെതിരെ അണിനിരത്തിയിരുന്നു. നേതാക്കള്‍ പരസ്യമായി തരൂരിനെതിരെ നടപടിയ്ക്ക് മുറവിളി കൂട്ടിയപ്പോള്‍ തരൂരിനെ അവഗണിച്ചുവിടാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. കാരണം പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും ബിജെപി ആഗ്രഹിക്കുന്ന തരത്തിലൊരു ചര്‍ച്ചയ്ക്ക് വഴിവെയ്ക്കരുതെന്നായിരുന്നു ആ സമീപനം കൊണ്ട് ഉദ്ദേശിച്ചത്. കോണ്‍ഗ്രസ് വിട്ടു ശശി തരൂര്‍ ഉപരാഷ്ട്രപതി കസേരയിലേക്ക് കയറുമോ എന്നത് ഒരു ചോദ്യമായി പൊതുമണ്ഡലത്തിലുണ്ട്.
ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍ഖര്‍ ഇന്നലെ രാജി പ്രഖ്യാപിച്ചതോടെ 60 ദിവസത്തിനുള്ളില്‍ പുതിയ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനും അധികാരമേല്‍ക്കേണ്ടതുണ്ട്. അമേരിക്കയിലേക്കും മറ്റിടങ്ങളിലേക്കുമുള്ള ‘ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതിനിധി സംഘത്തില്‍ പ്രധാനിയായിരുന്നു തരൂര്‍. രാജ്യ നിലപാടിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച തരൂര്‍ ഈ സന്ദര്‍ഭത്തിലാണ് ബിജെപി സര്‍ക്കാരുമായി കൂടുതല്‍ അടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന തരൂര്‍ മോദി വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായാണ് പലഘട്ടങ്ങളിലും പ്രതികരിച്ചത്. പാര്‍ട്ടിയ്ക്കുള്ളില്‍ തരൂരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോള്‍ തരൂര്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചരണങ്ങള്‍ ഉണ്ടായി. ഈ സാഹചര്യത്തില്‍ പൊടുന്നനെ ഉപരാഷ്ട്രപതി രാജിവെച്ചത് തരൂരിന് വഴിയൊരുക്കാനുള്ള മോദി തീരുമാനമാണോയെന്ന ചോദ്യം രാഷ്ട്രീയ ഇടങ്ങളില്‍ ശക്തമാക്കുന്നു.