രാജിവെയ്ക്കില്ല, കൗണ്‍സിലര്‍മാരുടെ പിന്തുണ ഉള്ളിടത്തോളം തുടരും: മേയര്‍ ആര്യാ രാജേന്ദ്രന്‍

കത്ത് വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇതിന്റേ പേരില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും അത് പതുക്കെ അവസാനിച്ചോളുമെന്നും കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണ ഉള്ളിടത്തോളം താന്‍ മേയര്‍ സ്ഥാനത്ത് തുടരുമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ അഞ്ചാം ദിവസവും പ്രതിപക്ഷ പ്രതിഷേധം നടക്കുന്നുണ്ട്. കോര്‍പറേഷന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകരും അകത്ത് യുഡിഎഫ് കൗണ്‍സിലര്‍മാരും ധര്‍ണ നടത്തുകയാണ്. മേയറുടെ രാജി ആവശ്യപ്പെട്ട് യുത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഇന്നലെ സംഘര്‍ഷത്തിലും കണ്ണീര്‍വാതക പ്രയോഗത്തിലുമാണ് അവസാനിച്ചത്.

നിയമനക്കത്തുവിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍  ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആരോപണങ്ങളെപ്പറ്റി മേയര്‍ക്ക് പറയാനുള്ളത് കേട്ടശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി നവംബര്‍ 25 ന് വീണ്ടും പരിഗണിക്കും.

കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാതിവയ്ക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.  നഗരസഭയില്‍ സമരം പ്രതിപക്ഷത്തിന്റെ ആവശ്യവും അവകാശവുമാണ്. മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ഞങ്ങള്‍ ജനങ്ങളോട് കാര്യം പറയും. വിവാദ കത്തില്‍ എഫ്‌ഐആര്‍ ഇടാത്തതിനെ കുറിച്ച് അറിയില്ലെന്നും അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.