വീണ്ടും മൂന്നാം ടേം അധികാരത്തിലെത്തും, 110 സീറ്റ് നേടും; എൽഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി : എം. വി. ഗോവിന്ദൻ

എൽഡിഎഫ് വീണ്ടും മൂന്നാം ടേം അധികാരത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ജനങ്ങൾ അത്തരത്തിലൊരു ജനവിധി എഴുതും, യുഡിഎഫിലെ പടലപ്പിണക്കം ഇനിയും പരിഹരിക്കാൻ സാധിച്ചിട്ടില്ല എന്നും ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫിന് കേരളത്തെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാ വികസനവും മുടക്കിയവരാണ് അവർ. കഴിഞ്ഞ 10 കൊല്ലം പ്രതിപക്ഷം ഒന്നും ചെയ്തില്ല. എൽഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി എന്നും ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫ് ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത കൈകൊള്ളുകയാണെന്നും 110 സീറ്റ് ആണ് എൽഡിഎഫ് നേടുക എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. അഞ്ചരലക്ഷം മെമ്പർമാരും അതിനേക്കാളേറെ അനുഭാവികളുമുള്ള പാർട്ടിയാണ് സിപിഐഎം. അതിൽ നിന്ന് അഞ്ചോ ആറോ പേർ തെറ്റായ പ്രവണത മൂലം പുറത്തു പോയാൽ അവരാണോ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ഗോവിന്ദൻ ചോദിച്ചു.