തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും, പിഡിപി പിന്തുണ എല്‍ഡിഎഫിന് തന്നെ

2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിന്തുണ ഇടതുമുന്നണിക്കെന്ന് പ്രഖ്യാപിച്ച് പിഡിപി. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പിഡിപി അറിയിച്ചു. പാര്‍ട്ടി നേതൃയോഗത്തിലെടുത്ത തീരുമാനത്തിന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി അംഗീകാരം നല്‍കി.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയമെന്നാണ് പിഡിപി വിലയിരുത്തുന്നത്. മറ്റെന്തിനേക്കാളും രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കുക എന്നത് രാജ്യ ഭാവിക്ക് അനിവാര്യമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ബിജെപി ഭരണത്തില്‍ തകര്‍ന്നിരിക്കുന്നതും, പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നതും തുടങ്ങി ഉള്ള ജനങ്ങളുടെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിച്ച് വര്‍ഗീയതയും വിദ്വേഷവും ഭരണകൂടം തന്നെ പ്രചരിപ്പിക്കുന്നു. ഈ സാഹചര്യങ്ങളില്‍ ഫാസിസത്തോട് സന്ധിയാകാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുമതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്നാണ് പിഡിപി വിലയിരുത്തൽ.

തൊണ്ണൂറുകളില്‍ ബാബരി ധ്വംസനത്തിന്റേയും ഫാസിസം ഉയര്‍ത്തിയ സാമൂഹിക വെല്ലുവിളികളുടേയും പശ്ചാത്തലത്തില്‍ അരക്ഷിതാവസ്ഥയിലേക്കും ജനാധിപത്യവിരുദ്ധതയിലേക്കും വഴിമാറി പോകുമായിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവതലമുറയെ ജനാധിപത്യമാര്‍ഗ്ഗത്തില്‍ ഒരുമിപ്പിച്ച് നിര്‍ത്തിയതും ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ദലിത് -പിന്നോക്ക -മതന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്കും മുന്നേറ്റത്തിനും വേണ്ടി ശക്തമായി നിലകൊള്ളുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് പിഡിപി. പാര്‍ട്ടിയുടെ അസ്ഥിത്വവും പ്രത്യയശാസ്ത്ര നിലപാടുകളും തിരിച്ചറിയുകയും ജനാധിപത്യ പ്രക്രിയയില്‍ അവസരവും അംഗീകാരവും നല്‍കിയ രാഷ്ട്രീയ സംവിധാനമാണ് ഇടതുമുന്നണി. അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കാരണമായിട്ടുണ്ടെന്നും പിഡിപി നേതൃത്വം പറയുന്നു. പിഡിപിയുടെ രാഷ്ട്രീയ നിലപാട് കേവല തിരഞ്ഞെടുപ്പ് പിന്തുണക്കപ്പുറം പ്രത്യയശാസ്ത്ര പ്രതിബദ്ധതയുടെ കൂടി ഭാഗമാണെന്ന് നേതൃത്വം വിലയിരുത്തുന്നു.