എം.വി ഗോവിന്ദന് പകരം ആര് ; പുതിയ മന്ത്രിയെ തീരുമാനിക്കും, സി.പി.എം. സെക്രട്ടേറിയറ്റ് ഇന്ന്

എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയ സാഹചര്യത്തില്‍ ആര് മന്ത്രിയാകണമെന്ന് സി പി എം ഇന്ന് തീരുമാനിച്ചേക്കും. രാവിലെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കൊച്ചിയില്‍ ആയതിനാല്‍ തീരുമാനം ഉച്ചയ്ക്കു ശേഷമായിരിക്കും ഉണ്ടാവുക.

പുതിയ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്നോ നാളെയോ മന്ത്രിസ്ഥാനം രാജിവെച്ചേക്കും. കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍.ഷംസീര്‍, മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.കുഞ്ഞന്പു, പി.നന്ദകുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ ആണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

അനാരോഗ്യം മൂലം കോടിയേരിക്ക് ചുമതല നിര്‍വഹിക്കാന്‍ കഴിയാത്തതിനാലാണ് എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായെത്തുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ എ.വിജയരാഘവന്‍, എം.എ.ബേബി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്.

അതേസമയം, വെള്ളിയാഴ്ച രാജിവെക്കാന്‍ സാധ്യതയുള്ളതിനാല്‍ വ്യാഴാഴാഴ്ച നടന്ന തദ്ദേശ പൊതുവകുപ്പിന്റെ ലോഗോ പ്രകാശനം മന്ത്രി എം.വി. ഗോവിന്ദന്റെ യാത്രയയപ്പ് ചടങ്ങായി. വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിപദം ഉടന്‍ ഒഴിയുമെന്ന സന്ദേശം ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കിയിരുന്നു.