ആരാ ജാഗ്രത പാലിക്കേണ്ടത്, കൊല്ലാന്‍ വരുന്നവരോ കൊല്ലപ്പെടാന്‍ സാധ്യതയുള്ളവരോ; ഡിജിപിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിആ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തുടര്‍ അക്രമങ്ങള്‍ ഒവിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഡിജിപിക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ആരാ ഡിജിപി ഏമാനേ ജാഗ്രത പാലിക്കേണ്ടത്. കൊല്ലാന്‍ വരുന്നവരാണോ, കൊല്ലപ്പെടാന്‍ സാധ്യതയുള്ളവരാണോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

എന്തായാലും ഏമാനും, ഏമാന്റെ ഏഭ്യന്തര വകുപ്പും, ഏമാന്റെ വകുപ്പ് മന്ത്രിയും ഒരു ജാഗ്രതയും കാണിക്കില്ലായെന്ന് അറിയാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് ഡിജിപി പുറപ്പെടുവിച്ചിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും അറിയിച്ചിട്ടുണ്ട്.

സുബൈറിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ ആണെന്നാണ് എസ്ഡിപിഐയുടെ ആരോപണം. എലപ്പുള്ളിയില്‍ മുമ്പ് കൊല്ലപ്പെട്ട ര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി സുബൈര്‍ വധത്തിന് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അക്രമി സംഘം ഉപയോഗിച്ചിരുന്ന കാര്‍ സഞ്ജിത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.