തൃക്കാക്കരയില്‍ ജനക്ഷേമ സഖ്യത്തിന്റെ പിന്തുണ ആര്‍ക്കെന്ന് ഇന്ന് അറിയാം, തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ സി.പി.എമ്മിന്റെ കൊണ്ടുപിടിച്ച ശ്രമം,

 

തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടിയും ട്വിന്റിട്വിന്റിയും ചേര്‍ന്ന ജനക്ഷേമ സഖ്യം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആരെ പിന്തുക്കും? ഇന്ന് മൂന്ന് മണിക്കാണ് ജനക്ഷേമ സഖ്യം തങ്ങളുടെ രാഷ്ട്രീയ നിലപാട് വെളിപ്പെടുത്തുന്നത്. ജനക്ഷേമ സഖ്യത്തിന്റെ പിന്തുണക്കായി സി പി എം നേതൃത്വം കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രി പി രാജീവും ഉള്‍പ്പെടെയുള്ള നേതൃനിര ട്വിന്റി ട്വിന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബുമായി നിരന്തം ബന്ധപ്പെടുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയും ട്വിന്റി ട്വിന്റിയുമായുള്ള സഖ്യത്തിന് തൃക്കാക്കരയില്‍ നിലവിലുള്ള വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി തിരിക്കാനുള്ള വലിയ ശ്രമമാണ് സി പി എം നടത്തുന്നത്. പ്രചരണത്തിന്റെ അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ യു ഡി എഫിന് മുന്‍തൂക്കം ലഭിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ആം ആദ്മിയും ട്വിന്റിട്വിന്റിയും ചേര്‍ന്ന് രൂപീകരിച്ച ജനക്ഷേമ സഖ്യത്തിന്റെ പിന്തുണ തേടാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത്്.

അതേ സമയം ജനക്ഷേമ സഖ്യത്തിന്റെ നേതൃത്വത്തില്‍ സി പിഎമ്മിന് പിന്തുണ നല്‍കുന്നതില്‍ വലിയ എതിര്‍പ്പുണ്ട്. സി പി എം വിരുദ്ധ വോട്ടുകളാണ് ആം ആംദ്മിയുടെയും ട്വന്റി ട്വിന്റിയുടെയും പോക്കറ്റിലുള്ളത്. സി പിഎം സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ ആ വോട്ടുകള്‍ ജനക്ഷേമ മുന്നണിയില്‍ നിന്ന് പോകുമെന്ന ഭയം അവര്‍ക്കുണ്ട്. മാത്രമല്ല അത് കോണ്‍ഗ്രസിന് അനുകൂലമാവുകയു ചെയ്യും. അത് കൊണ്ടാണ് സി പിഎമ്മില്‍ നിന്ന് കടുത്ത സമ്മര്‍ദ്ധങ്ങളുണ്ടായിട്ടും ആപ്പും ട്വിന്റി ട്വന്റിയും അവര്‍ക്ക് വഴങ്ങാതെ നില്‍ക്കുന്നത്.

ഇന്ന് മുന്ന് മണിക്ക് എറണാകുളം പ്രസ് ക്‌ളബ്ബില്‍ ചേരുന്ന പത്ര സമ്മേളനത്തില്‍ ജനക്ഷേമ സഖ്യത്തിന്റെ പ്രഖ്യാപനം സി പിഎം കേന്ദ്രങ്ങള്‍ ഉറ്റു നോക്കുകയാണ്. അതനുസരിച്ചായിരിക്കും ഇടതു മുന്നണിയുടെ അവസാനഘട്ട തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുക