'രാഷ്ട്രീയത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ ഗോവിന്ദന്‍ മാഷിൻറെ രണ്ട് മൂന്ന് ഡയലോഗുകള്‍ കേട്ടാല്‍ മതി, മനസ് തുറന്ന് ചിരിക്കാം'; പരിഹസിച്ച് കെ മുരളീധരൻ

രാഷ്ട്രീയത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ ഗോവിന്ദന്‍ മാഷിന്റെ ഒന്നോ രണ്ടോ ഡയലോഗുകള്‍ കേട്ടാല്‍ മതിയെന്നും മനസ് തുറന്ന് ചിരിക്കാമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റിലും യുഡിഎഫ് പൊട്ടുമെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

ഗോവിന്ദന്‍ മാഷ് ഇടയ്ക്കിടയ്ക്ക് തമാശ പറയുന്നതാണ്. രാഷ്ട്രീയത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ട് മൂന്ന് ഡയലോഗുകള്‍ കേട്ടാല്‍ നല്ല സുഖമാണ്. മനസ് തുറന്ന് ചിരിക്കാം. നൂറ് സീറ്റില്‍ യുഡിഎഫ് അല്ല എല്‍ഡിഎഫ് പൊട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റിലധികംനേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ എത്തിയത്.

നൂറു സീറ്റും യുഡിഎഫ് പൊട്ടുമെന്നും തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ വിജയംനേടി ഇടതുപക്ഷം മൂന്നാമതും അധികാരത്തില്‍വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ബോംബ് വരുന്നുണ്ടെന്ന് മുന്‍പ് സതീശന്‍ പറഞ്ഞിട്ട് ഇതുവരെ വന്ന് പൊട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.സീറ്റ് ചര്‍ച്ച ഇതുവരെ നടന്നിട്ടില്ലെന്നും ഈ മാസം 15ഓടെ ഏകദേശരൂപമാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനിച്ച സമരപരിപാടികള്‍ സജീവമായി നടക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

Read more