'റോഷി പറഞ്ഞത് തനിക്കും സുഖിച്ചു, സന്തോഷമുണ്ടാക്കി'; അത് അച്ചടക്ക ലംഘനമല്ല സഹോദരതുല്യ ബന്ധമെന്ന് ജോസ് കെ മാണി; പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ല

പാലായില്‍ താന്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് സുഖിച്ചെന്നും സന്തോഷമായെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. മത്സരിക്കണമെന്ന ആഗ്രഹമാണ് റോഷി പറഞ്ഞത്. പാര്‍ട്ടി ചെയര്‍മാനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നു റോഷി ഇന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു. ജോസ് കെ.മാണിയില്‍നിന്ന് മൈക്ക് പിടിച്ചു വാങ്ങിയായിരുന്നു റോഷിയുടെ പ്രഖ്യാപനം. റോഷി പറഞ്ഞത് തനിക്കും സുഖിച്ചുവെന്നും സന്തോഷം ഉണ്ടാക്കിയെന്നും അത് അച്ചടക്ക ലംഘനമല്ലെന്നും സഹോദരതുല്യമാണ് ബന്ധമാണെന്നും ജോസ് കെ മാണിയുടെ വിശദീകരണം.

റോഷി മൈക് തട്ടിപ്പറിച്ചിട്ടില്ല, എന്റെ മുഖം അത് വ്യക്തമാക്കുന്നില്ലേ എന്നും ജോസ് കെ മാണി ചോദിച്ചു. അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഇതിലൊന്നും ഒരു കിളിയും കൊത്താന്‍ പോകുന്നില്ല. പാലായിലെ കാര്യം പാര്‍ട്ടി തീരുമാനിക്കും എന്നാണ് റോഷി പറഞ്ഞത്. തീരുമാനിച്ചു എന്നല്ല. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത്. അല്ലാതെ തനിക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഞാന്‍ മത്സരിക്കണമെന്ന് പാര്‍ട്ടിക്ക് ആഗ്രഹമുണ്ട്. ഞാന്‍ മത്സരിക്കണമെന്ന് എനിക്കു പറയാന്‍ കഴിയില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസില്‍ താന്‍ മത്സരിക്കണമെന്ന ആഗ്രഹം പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകും. പക്ഷേ, അത് പാര്‍ട്ടി തീരുമാനിക്കും. വിവാദങ്ങളുടെ പിന്നാലെയല്ല വികസനങ്ങളുടെ പിന്നാലെയാണ് പോകേണ്ടത്. റോഷി അച്ചടക്കലംഘനം നടത്തിയിട്ടില്ല. മത്സരിക്കണം എന്നല്ലേ പറഞ്ഞത്. മത്സരിക്കണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ജാഥയുടെ ശോഭ കെടുത്താനായി മനപ്പൂര്‍വം പാര്‍ട്ടിയില്‍ പ്രശ്‌നമുണ്ടെന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും ജോസ് കെ മാണി ആരോപിച്ചു. അതേസമയം, പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് റോഷി അഗസ്റ്റിന്‍.

Read more

എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഇടുക്കിയിലെ പര്യടനത്തിന്റെ ഭാഗമായി അടിമാലിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് റോഷി പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ.മാണിയുടെ മറുപടി. ഉടന്‍ അദ്ദേഹത്തില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങി ‘ജോസ് കെ.മാണി പാലായില്‍ത്തന്നെ മത്സരിക്കും. അത് പാര്‍ട്ടിയുടെ തീരുമാനമാണ്, സമയത്ത് പ്രഖ്യാപിക്കും. നല്ല വിജയം എല്ലാ മേഖലയിലും ഉണ്ടാകും’ എന്നു റോഷി ഉറപ്പിച്ചു പ്രഖ്യാപിക്കുകയായിരുന്നു.