ഷൂ നക്കുന്ന ചിത്രം കാണുമ്പോൾ സംഘപരിവാറിന് സവർക്കറിനെ ഓർമ്മ വരുന്നതെന്താ: രാഹുല്‍ മാങ്കൂട്ടത്തിൽ

ഷൂ നക്കുന്ന ചിത്രം കാണുമ്പോൾ സംഘ പരിവാറിന് സവർക്കറിനെ ഓർമ്മ വരുന്നതെന്താണ് എന്ന പരിഹാസ ചോദ്യവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. “തങ്ങൾക്ക് പങ്കാളിത്തമില്ലാത്ത ചരിത്രത്തിൽ ഒളിച്ചു കടക്കുവാൻ ശ്രമിക്കുന്നവരും, വെട്ടിമാറ്റുന്നവരും ഓർത്തിരിക്കണം ഈ ചിത്രം!” എന്ന കുറിപ്പോടെ കാലാപാനി സിനിമയിലെ ഒരു ചിത്രം ഇന്നലെ രാഹുൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ പോസ്റ്റ്.

ആരുടെയും പേര് പരാമർശിക്കാതെ, ഷൂ നക്കുന്ന ചിത്രവും, അതിനൊപ്പം ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ബ്രൂട്ട് എന്നും, ചരിത്രത്തിൽ ഒളിച്ചു കടക്കുവാൻ ശ്രമിക്കുന്നവരെന്നും, വെട്ടി മാറ്റുന്നവരെന്നും മാത്രമാണ് താൻ പോസ്റ്റിൽ എഴുതിയതെന്നും ആരുടെയും പേര് പരാമർശിക്കാതെ ഇരുന്നിട്ടും ഷൂ നക്കുന്ന ചിത്രം കണ്ടിട്ട് “നീ ഞങ്ങളുടെ വീർ സവർക്കർ ജിയെ അപമാനിക്കുമോടാ” എന്ന് സംഘ പരിവാറുകാർ ചോദിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഷൂ നക്കുന്ന ചിത്രം കാണുമ്പോൾ നിങ്ങൾക്ക് സവർക്കറിനെ ഓർമ്മ വരുന്നതെന്താണ്?

ഇന്നലെ ഞാൻ കാലാപാനി സിനിമയിലെ ഒരു ചിത്രം പങ്ക് വെച്ചിരുന്നു. അതിൽ ആരുടെയും പേര് പരാമർശിക്കാതെ, ഷൂ നക്കുന്ന ചിത്രവും, അതിനൊപ്പം ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ബ്രൂട്ട് എന്നും, ചരിത്രത്തിൽ ഒളിച്ചു കടക്കുവാൻ ശ്രമിക്കുന്നവരെന്നും, വെട്ടി മാറ്റുന്നവരെന്നും മാത്രമാണ് എഴുതിയത്.

ഒരു പേരും ഞാൻ പറയാതിരുന്നിട്ടും ഷൂ നക്കുന്ന ആ ചിത്രം കണ്ടിട്ട് “നീ ഞങ്ങളുടെ വീർ സവർക്കർ ജിയെ അപമാനിക്കുമോടാ” എന്ന് പറഞ്ഞ് തുടങ്ങി, ബാക്കിയൊക്കെ സ്വന്തം സംസ്കാരത്തിനൊത്ത ഭാഷ ഉപയോഗിക്കുന്ന സംഘ പരിവാറുകാരോട് രണ്ട് ചോദ്യം,

1) ഷൂ നക്കുന്ന ചിത്രം കാണുമ്പോൾ നിങ്ങൾക്ക് സവർക്കറിനെ ഓർമ്മ വരുന്നതെന്താണ്?

2) അങ്ങനെ ഷൂ നക്കിയെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് “വിർ” എന്ന് വിളിച്ച് നിങ്ങൾ ആ പാവത്തിനെ കളിയാക്കുന്നത്?