നിമിഷപ്രിയ കേസിൽ ഇറാൻ ഇടപെടുന്നതിനെതിരെ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്‌ദുൾ ഫത്താഹ് മഹ്ദി. കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു നിലപാട് എന്നാണ് മഹ്ദി ചോദിച്ചത്. വിഷയത്തിൽ ഇറാൻ ഇടപെടാൻ സന്നദ്ധത അറിയിച്ചുള്ള വാർത്തകൾ പങ്കുവച്ചുകൊണ്ടാണ് മഹ്ദി ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
അതിവേഗത്തിലുള്ള നീതിപൂർവമായ ശിക്ഷ മാത്രമാണ് നടപ്പാക്കേണ്ടതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അബ്‌ദുൾ ഫത്താഹ് മഹ്‌ദി. ശിക്ഷ നടപ്പിലാക്കാത്തതിലൂടെ കുടുംബത്തിൻ്റെ അവകാശമാണ് തടയുന്നതെന്നും വിമർശിച്ചു. മദ്ധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ലെന്നും നീതി മാത്രമാണ് ആവശ്യമെന്നും തലാലിൻ്റെ സഹോദരൻ നേരത്തേ വ്യക്തിമാക്കിയിരുന്നു.
2017 ജൂലായ് 25ന് യമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യമൻ പൗരൻ തലാൽ അബ്‌ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. പാസ്പോർട്ട് പിടിച്ചെടുത്ത ശേഷം നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.







