'അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിശോധിക്കും'; തൃശൂരിലെ അപകടത്തിന് പിന്നാലെ പ്രതികരിച്ച് മന്ത്രി കെ രാജൻ

സംസ്ഥാനത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിക്കുമെന്നും കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരോട് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്നും റവന്യൂ മന്ത്രി കെ രാജൻ. തൃശൂർ കൊടകരയിൽ കനത്ത മഴയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

തൃശൂർ കൊടകരയിലാണ് പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടം ഉണ്ടായത്. കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത മൂന്ന് പേരും മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആദ്യം പുറത്തെടുത്തത് രൂപേലിനെയാണ്. കെട്ടിടത്തിൽ 17 പേരാണ് താമസിച്ചിരുന്നത്. 14 പേർ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം.

Read more

ഇന്ന് രാവിലെയായിരുന്നു അപകടം. കൊടകര ടൗണിൽ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. വർഷങ്ങളായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. നാലു വർഷമായി ഇവിടെ ജോലി ചെയ്യുന്നതായി തൊഴിലാളികൾ പറഞ്ഞു