'യുഡിഎഫിനെ തിരികെ കൊണ്ടുവരും, ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും'; വെള്ളാപ്പള്ളി നടേശന് മറുപടിയുമായി വി ഡി സതീശൻ

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ തിരികെ കൊണ്ടുവരുമെന്നും ഇല്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ താൻ എസ്എൻഡിപി യോഗത്തിൻ്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു വി ഡി സതീശൻ.

യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശൻ രാജിവച്ച് വനവാസത്തിന് പോകുമോ എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചിരുന്നു. പറവൂരിലെ ഒരു ചടങ്ങിലായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. കഴിഞ്ഞ ദിവസം വിഡി സതീശൻ ഈഴവ വിരോധിയാണെന്നും ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണെന്നും പരിഹസിച്ചതിന് പിന്നാലെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പുതിയ വെല്ലുവിളി.

വി ഡി സതീശന് അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുന്നുവെന്ന് വെളളാപ്പള്ളി നടേശൻ പറഞ്ഞു. മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. പറവൂരിലെ പരിപാടിയിലാണ് വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം. ഈഴവന്റെ ബുദ്ധിയെയാണ് സതീശൻ ചോദ്യം ചെയ്യുന്നതെന്നും വെളളാപ്പള്ളി നടേശൻ പറഞ്ഞു. ഈഴവനായ സുധാകരനെ പുറത്ത് ചാടിച്ചു. മതേതരവാദിയാണെങ്കിൽ ഈഴവർക്ക് എന്താണ് നൽകിയത് എന്ന് സതീശൻ പറയട്ടെയെന്നും വെളളാപ്പള്ളി നടേശൻ പറഞ്ഞു. ഏതെങ്കിലും ഈഴവന് എന്തെങ്കിലും നൽകിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.

Read more