അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ ഒരുനോക്ക് കാണാൻ ആലപ്പുഴയിലേക്ക് നടന്നെത്തി സഖാവ് പി കെ സുകുമാരൻ. ചുവന്ന വസ്ത്രവും ധരിച്ച് ചെങ്കൊടിയുമായാണ് പാലായിൽനിന്നും സഖാവ് പി കെ സുകുമാരൻ ആലപ്പുഴയിലേക്ക് നടന്നെത്തിയത്. ജനസാഗരത്തിനിടയിലൂടെ അയാൾ മദ്രാവാക്യവും വിളിച്ച് വിഎസിന്റെ അരികിലേക്കെത്തി ഒരുനോക്ക് കാണാൻ.
ചുവന്ന വസ്ത്രവും ചെങ്കൊടിയും ഒപ്പം കരിങ്കൊടിയും കൊണ്ട് സുകുമാരനെത്തിയതോടെ പ്രവർത്തക സഞ്ചയം ഇളകി മറിഞ്ഞു. ദേശീയപാതയിൽനിന്ന് വേലിക്കകത്തേക്കുള്ള വഴികൾ ലാൽസലാം മുദ്രാവാക്യങ്ങൾ കൊണ്ടു നിറഞ്ഞു. വിഎസിനെക്കുറിച്ചു പറയുമ്പോൾ സുകുമാരൻ കരയുന്നുണ്ടായിരുന്നു. അത്രയേറെ ആ മനുഷ്യൻ വിഎസ് എന്ന വിപ്ലവ സൂര്യനെ സ്നേഹിച്ചിട്ടുണ്ടാകാം. അതിന്റെ ഏറ്റവും വലിയ തെളിവാണ് മൈലുകൾ താണ്ടി അദ്ദേഹം വിഎസിനെ കാണാൻ എത്തിയതും.
അതേസമയം മണിക്കൂറുകൾ പിന്നിട്ടാണ് വിഎസിൻ്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്കെത്തിയത്. മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിന് ശേഷം വിലാപയാത്ര ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തി. ആയിരക്കണക്കിന് ആളുകളാണ് വിഎസിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ വീട്ടിലെത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ചാണ് എന്നും സമയനിഷ്ഠ പുലർത്തിയ വിഎസിൻ്റെ അവസാനയാത്ര.