പുത്തുമലയിൽ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം, മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്  മലവെള്ളപ്പാച്ചിലിന് കുറുകെ വടം കെട്ടി

കനത്ത മഴയില്‍ വന്‍ ദുരന്തമുണ്ടായ വയനാട്  മേപ്പാടി പുത്തുമലയിലെ ഉരുള്‍പ്പൊട്ടല്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്നു. ശക്തമായ മഴയും മണ്ണിടിച്ചിലും തുടരുകയാണ്. സൈന്യത്തിനും എന്‍ഡിആര്‍എഫ് പ്രവര്‍ത്തകര്‍ക്കും വരെ പുത്തുമലയിലേക്ക് എത്തിച്ചേരാനാകാത്ത അവസ്ഥയായിരുന്നു. ശക്തമായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. വെള്ളം പമ്പ് ചെയ്ത് കളഞ്ഞ ശേഷം ദുരന്തത്തില്‍ അകപ്പെട്ട് പോയവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരാനാണ് തീരുമാനം.

ആ പ്രദേശത്തേക്കുള്ള വഴിയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്ന് വീണ്ടെടുത്ത മൃതദേഹങ്ങള്‍ പോലും ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. വെള്ളപ്പാച്ചിലിന് കുറുകെ വലിയ വടം വലിച്ചു കെട്ടി ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.

നൂറ് ഏക്കറോളമാണ് ഉരുള്‍പ്പൊട്ടലില്‍ കുത്തിയൊഴുകിപ്പോയത്. കല്ലും മണ്ണും ചെളിയലും രണ്ടാള്‍പ്പൊക്കത്തില്‍ വരെ അടിഞ്ഞ് കൂടിയ പ്രദേശത്ത് നിന്നാണ് സൈന്യത്തിനും എന്‍ഡിആര്‍എഫ് സംഘത്തിനും ഫയര്‍ഫോഴ്‌സിനും എല്ലാം രക്ഷാ പ്രവര്‍ത്തനം തുടങ്ങേണ്ടത്. രക്ഷാ പ്രവര്‍ത്തനം പ്രദേശത്ത് ഏറെ ദുഷ്‌കരമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ഉരുള്‍പ്പൊട്ടലില്‍ ഒരു പ്രദേശമാകെ ഇല്ലാതായ അവസ്ഥയാണ് പുത്തുമലയില്‍ ഉള്ളത്. മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെ രണ്ട് പാടികളും ഇരുപതോളം വീടുകളും എട്ട് കുടുംബങ്ങള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകളും ആരാധനാലയങ്ങളും കടകളും അടക്കം എല്ലാം ഒലിച്ചുപോയ അവസ്ഥയിലാണ്. ദുരന്തം ഉണ്ടായി രണ്ട് ദിവസമാകുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി അളക്കാന്‍ പോലും ആകാത്ത അവസ്ഥയാണ് പുത്തുമലയില്‍ ഉള്ളത്.