ബ്രഹ്‌മപുരത്തേക്ക് പോയ മാലിന്യ ലോറി തടഞ്ഞ് പ്രതിഷേധം

ബ്രഹ്‌മപുരത്തേക്ക് മാലിന്യവുമായി പോയ നഗരസഭയുടെ ലോറി തടഞ്ഞ് പ്രതിഷേധം. കൊച്ചിയില്‍ നിന്നും മാലിന്യങ്ങളുമായി പോയ ലോറി ചെമ്പമുക്കിലാണ് തൃക്കാക്കര നഗരസഭാധ്യക്ഷ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ നേതൃത്തിലാണ് തടഞ്ഞത്.

തൃക്കാക്കര നഗരസഭയിലെ ജൈവമാലിന്യങ്ങള്‍ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാത്തതിന് എതിരെയാണ് പ്രതിഷേധം. കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് ആരോപിച്ചാണ് ലോറികള്‍ തടഞ്ഞത്.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നും അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കരയിലെ മാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോണമെന്നാവശ്യപ്പെട്ട് 2014ല്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ് ജൈവ മാലിന്യം കൊണ്ടുപോയിരുന്നത്.

എന്നാല്‍ ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ജൈവമാലിന്യങ്ങള്‍ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകേണ്ട എന്ന തീരുമാനം കൊച്ചി കോര്‍പ്പറേഷന്‍ എടുത്തു. തൃക്കാക്കര ഉള്‍പ്പടെ എട്ട് തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യമാണ് ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോയിരുന്നത്.

എന്നാല്‍ തൃക്കാക്കര നഗരസഭക്ക് സ്വന്തമായി ജൈവമാലിന്യ സംസ്‌കരണ പ്ലാന്റില്ലാത്ത സാഹചര്യത്തിലാണ് തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് കോര്‍പ്പറേഷനോട് തൃക്കാക്കര നഗരസഭ ആവശ്യപ്പെടുന്നത്.