കൊച്ചിയിലെ മാലിന്യ നിര്‍മ്മാര്‍ജനം ഖേദകരം; വിമര്‍ശനവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

കൊച്ചി നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജനത്തെ വിമര്‍ശിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. നഗരത്തിലെ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണ്. ഇക്കാര്യത്തില്‍ തദ്ദേശഭരണകൂടത്തിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും മന്ത്രി പറഞ്ഞു. കൊച്ചി ഇങ്ങനെ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുചിത്വ സൂചികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നേരത്തെ കേരളത്തിന്റെ സ്ഥാനം. എട്ട് കൊല്ലം കൊണ്ട് കൊച്ചി അഞ്ചില്‍ നിന്ന് 324ലേക്ക് താഴ്ന്നു. കൊച്ചിയിലെ വൃത്തിയുള്ള മനോഹരമായ റോഡുകള്‍ തനിക്ക് ഓര്‍മയുണ്ടെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ദുഃഖമുണ്ടെന്നും പീയുഷ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന രാവിലെ മറൈന്‍ഡ്രൈവിലെ വാക്ക വേയില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനവും നടന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പീയുഷ് ഗോയല്‍ കൊച്ചിയിലെത്തിയത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു ലക്ഷം കോടിരൂപയുടെ സമുദ്രോല്‍പന്ന കയറ്റുമതി ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം പീയുഷ് ഗോയല്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ മല്‍സ്യത്തൊഴിലാളി നേതാക്കളുമായി കൊച്ചിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രി പ്രതികരിച്ചത്.

സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി ആസ്ഥാനം കൊച്ചിയില്‍ നിന്ന് മാറ്റാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. യുഎഇ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കിയിട്ടുണ്ട്. യുകെയുമായും കാനഡയുമായും കരാറിനായുള്ള ചര്‍ച്ച നടക്കുകയാണ് എന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.