വഖഫ് നിയമനം: 'ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെ', സമസ്ത സമരത്തിന് ഇല്ലെന്ന് ജിഫ്രി തങ്ങള്‍

വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെയെന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്ലിം ലീഗ് സമരം ചെയ്യുന്നതില്‍ അതൃപ്തിയില്ല. സമസ്ത സമരത്തിനില്ലെന്നും, വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനില്‍ വിശ്വാസമുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗിന് അവരുടെ വഴിക്ക് സമരം നടത്താം. എങ്ങനെ ആയാലും കാര്യം നടന്നാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ ചര്‍ച്ചകള്‍ നടത്താനാണ് സമസ്തയുടെ തീരുമാനം.

വഖഫ് നിയമന വിവാദത്തില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞത്. സമസ്തയുടെ നിലപാട് വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. മതസംഘടനകള്‍ ചിലപ്പോഴൊക്കെ സ്വന്തം നിലയില്‍ നിലപാട് കൈക്കൊള്ളാറുണ്ടെന്നും, ലീഗിന് അത് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും സലാം പറഞ്ഞിരുന്നു.

പ്രതിഷേധത്തിനും സമരത്തിനും സമസ്ത ഇല്ലെന്ന് നേരത്തെയും ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് എടുത്തിരുന്നു. സര്‍ക്കാരുമായി സഹകരിച്ചു പോവുക എന്നതാണ് നിലപാട്. എതിര്‍ക്കേണ്ട കാര്യങ്ങളില്‍ സമസ്ത എതിര്‍ത്ത പാരമ്പര്യം ഉണ്ടെന്ന് തങ്ങള്‍ പറഞ്ഞിരുന്നു.