വാളയാർ കേസ് അന്വേഷണം സി.ബി.ഐക്ക്; കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

വാളയാർ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍ തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും.

വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അതിന് പിന്നാലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കേരള പൊലീസോ മറ്റ് ഏജന്‍സികളോ അന്വേഷിച്ചാല്‍ സത്യം പുറത്തു വരില്ല. കേസ് സിബിഐക്ക് വിട്ടാല്‍ മാതമേ കേസിലെ സത്യം പുറത്തു വരികയുള്ളൂ എന്നതായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.