'എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം, നാണംകെട്ട് സ്റ്റേജില്‍ ഒറ്റക്ക് ഇരിക്കാനുമരിയാം'; രാജീവ് ചന്ദ്രശേഖറെ ട്രോളി വി ടി ബല്‍റാം; മന്ത്രി റിയാസിന് മാങ്കൂട്ടത്തിലിന്റെ കുത്ത്

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ രാഷ്ട്രീയ ഒളിയമ്പുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രസംഗത്തില്‍ പോരടിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത് കോണ്‍ഗ്രസ് നേതാക്കളുടെ ട്രോളുകള്‍. ഉദ്ഘാടനവേദിയില്‍ കസേരകള്‍ ഒരുക്കിയപ്പോള്‍ തന്നെ കയറിയിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം കണക്കിനാണ് പരിഹസിച്ചത്. നേരത്തെ ലൂസിഫര്‍ സിനിമയിലെ ടൊവിനോ തോമസിന്റെ കഥാപാത്രത്തിന്റെ ഡയലോഗ് കാണാതെ പഠിച്ചു പറഞ്ഞ ബിജെപി അധ്യക്ഷനെ അതേ നാണയത്തിലാണ് ഫെയ്‌സ്ബുക്കില്‍ വി ടി ബല്‍റാം ട്രോളിയത്.

വേദിയില്‍ ഒറ്റയ്ക്കിരുന്നു മുദ്രാവാക്യം വിളിക്കുന്ന ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വി ടി ബല്‍റാമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം,
നാണം കെട്ട് സ്റ്റേജില്‍ ഒറ്റക്ക് ഇരിക്കാനുമരിയാം.
എനിക്ക് മുതിര…മുതിരാവാക്യം വിലിക്കാനുമരിയാം,
വിവരക്കേടുകള്‍ പരയാനുമരിയാം.


നേരത്തെ രാജീവ് ചന്ദ്രശേഖറിനു കേരള രാഷ്ട്രീയമോ മലയാളമോ അറിയില്ല എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനത്തിനാണ് സിനിമ സ്റ്റൈലില്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ‘എനിക്കു മുണ്ടുടുക്കാനും അറിയാം. വേണമെങ്കില്‍ മുണ്ട് കുത്തിവയ്ക്കാനും അറിയാം. മലയാളം സംസാരിക്കാനുമറിയാം. മലയാളത്തില്‍ തെറി പറയാനും അറിയാം” എന്ന പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ സിനിമയിലെ ടൊവിനോ തോമസിന്റെ ഹിറ്റ് ഡയലോഗായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉപയോഗിച്ചത്.

എനിക്കു മലയാളം അറിയില്ലെന്നാണ് ആരോപണം. ഞാന്‍ തൃശൂരില്‍ പഠിച്ചു വളര്‍ന്ന ആളാണ്. രാജ്യസേവനം ചെയ്ത പട്ടാളക്കാരന്‍ ചന്ദ്രശേഖറിന്റെ മകനാണ്. എനിക്കു മുണ്ടുടുക്കാനും അറിയാം. വേണമെങ്കില്‍ മുണ്ട് കുത്തിവയ്ക്കാനും അറിയാം. മലയാളം സംസാരിക്കാനുമറിയാം. മലയാളത്തില്‍ തെറി പറയാനും അറിയാം. ജനങ്ങളോട് വികസന സന്ദേശം മലയാളത്തില്‍ പറയാനും അറിയാം. അതൊന്നും എന്നെയാരും പഠിപ്പിക്കേണ്ട.

വികസിത കേരളം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോളാണ് രാജീവ് ചന്ദ്രശേഖര്‍ ഈ ഡയലോഗ് അടിച്ചത്. ഇപ്പോള്‍ വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ ഒറ്റയ്ക്കിരുന്ന് മുദ്രാവാക്യം വിളിച്ച രാജീവ് ചന്ദ്രശേഖറിന്റെ നടപടി വലിയ പരിഹാസത്തിനാണ് ഇടയാക്കിയിരിക്കുന്നത്. വിടി ബല്‍റാമിന് പുറമേ സദസിലുണ്ടായിരുന്ന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അല്‍പത്തരമാണെന്നാണ് ബിജെപി അധ്യക്ഷന്റെ നടപടിയെ കളിയാക്കിയത്.

എന്നാല്‍ രാജീവ് ചന്ദ്രശേഖറിനെ കളിയാക്കിയ മന്ത്രി റിയാസിനേയും കൂടി ചേര്‍ത്താണ് കോണ്‍ഗ്രസിന്റെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചത്. ‘നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയ ചോദ്യം.

Read more