ഒരു സ്ത്രീയെ ഇങ്ങനെ കാലില്‍ പിടിച്ച് വലിച്ചിഴയ്ക്കാന്‍ പിണറായി വിജയന്റെ പുരുഷ പൊലീസിന് അധികാരമുണ്ടോ?: വി.ടി ബല്‍റാം

കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം നടത്തിയതിന് കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ നാട്ടുകാരും പൊലീസും തമ്മില്‍ വലിയ സംഘര്‍ഷമാണുണ്ടായത്.  സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ചാണ് സ്ഥലത്ത് നിന്നും നീക്കിയത്. ഈ സംഭവത്തില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് വി ടി ബല്‍റാം . സ്ത്രീകളെ പൊലീസ് വലിച്ചിഴയ്ക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഒരു സ്ത്രീയെ ഇങ്ങനെ കാലില്‍പ്പിടിച്ച് വലിച്ചിഴയ്ക്കാന്‍ പിണറായി വിജയന്റെ പുരുഷ പൊലീസിന് അധികാരമുണ്ടോ? എന്ന തലക്കെട്ടും ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹര്‍ത്താലിന് കോണ്‍ഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്.

മാടപ്പിള്ളിയില്‍ കല്ലിടലിന് എതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. ആത്മഹത്യാ ഭീഷണി മുഴക്കി കയ്യില്‍ മണ്ണെണ്ണയുമായി എത്തിയ സ്ത്രീകള്‍ക്ക് നേരെയായിരുന്നു പൊലീസിന്റെ അതിക്രമം. പുരുഷ പൊലീസ് ഉള്‍പ്പെടെയാണ് വനിതാ പ്രതിഷേധക്കാരെ നീക്കിയത്. പ്രതിഷേധക്കാരുടെ കുട്ടികള്‍ അടക്കം സംഭവത്തിനിടയില്‍ ഉണ്ടായിരുന്നു.

അതേസമയം സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സമരങ്ങളില്‍ പ്രകോപനമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ചങ്ങനാശ്ശേരിയില്‍ തഹസില്‍ദാര്‍ അടക്കമുള്ളവരെ തടഞ്ഞുവെച്ചെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായാണ് കാര്യങ്ങള്‍ എല്ലാം നടക്കുന്നതെന്നും പ്രതിപക്ഷം ആക്രമണത്തില്‍ നിന്ന പിന്മാറമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.