മരണത്തിന് പോലും തോല്‍പ്പിക്കാനാകാത്ത വിപ്ലവ വീര്യമാണ് വിഎസ് എന്ന കമ്മ്യൂണിസ്റ്റുകാരനെ രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളില്‍ സ്ഥാനം നേടിക്കൊടുത്തത്. മരണം ഉറപ്പാക്കിയതോടെ വിഎസിന്റെ മൃതദേഹം കാട്ടില്‍ വലിച്ചെറിയാന്‍ ഉത്തരവിട്ട ഇടിയന്‍ നാരായണ പിള്ളയ്ക്ക് അറിയില്ലായിരുന്നു മനുഷ്യപക്ഷത്തിന്റെ ആള്‍രൂപത്തില്‍ അണയാതെ കിടന്ന കനല്‍.
രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും ഒരു വര്‍ഷം മുന്‍പാണ് സംഭവം. 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായ വിഎസില്‍ നല്ലൊരു കമ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് സാക്ഷാല്‍ പി കൃഷ്ണപിള്ള ആയിരുന്നു. പാര്‍ട്ടി വളര്‍ത്താനായി അച്യുതാനന്ദനെ കൃഷ്ണപിള്ള കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്ക് വിട്ടു. അവിടെ നിന്ന് അച്യുതാനന്ദന്‍ വളര്‍ന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കായിരുന്നു.
പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് പൂഞ്ഞാറിലാണ് വിഎസ് അച്യുതാനന്ദന്‍ ഒളിവില്‍ കഴിഞ്ഞത്. ഒരു ബീഡിത്തൊഴിലാളിയുടെ വീട്ടില്‍ കഴിയുമ്പോള്‍ വിഎസ് അച്യുതാനന്ദന്‍ പൊലീസിന്റെ പിടിയിലായി. അറസ്റ്റിലായ വിഎസിനെ ഈരാറ്റുപേട്ട പൊലീസ് ഔട്ട്‌പോസ്റ്റിലും പിന്നീട് പാലാ സ്റ്റേഷനിലും കൊണ്ടുവന്നു.
മര്‍ദ്ദിക്കാന്‍ വേണ്ടി മാത്രമാണ് അറസ്റ്റെന്ന് തോന്നിപ്പിക്കും വിധം വിഎസിനെ ഇരു സ്റ്റേഷനുകളിലുമായി പൊലീസ് ഉദ്യോഗസ്ഥരുടെ കൊടിയ പീഡനങ്ങള്‍. ഇതിനിടെ ഒരു പൊലീസുകാരന്‍ തോക്കിന്റെ ബയണറ്റ് കാലില്‍ കുത്തിയിറക്കി. ലോക്കപ്പിലേക്ക് ചോര ചീറ്റിയൊഴുകി. പിന്നാലെ വിഎസ് അബോധാവസ്ഥയിലേക്ക്.
അവിടെയും അവസാനിച്ചില്ല പൊലീസ് മര്‍ദ്ദനം. വിപ്ലവം തല്ലിക്കെടുത്താന്‍ പൊലീസ് സാധിക്കുന്നതെല്ലാം ആ ശരീരത്ത് പരീക്ഷിച്ചുകൊണ്ടേയിരുന്നു. ഇടിയന്‍ നാരായണ പിള്ള ലോക്കപ്പിലേക്ക് കയറിയത് വിഎസില്‍ അവശേഷിക്കുന്ന വിപ്ലവ വീര്യം കൂടി തല്ലിക്കെടുത്താന്‍ ആയിരുന്നു. തുടര്‍ന്ന് ഇടിയന്‍ നാരായണ പിള്ള തന്റെ ആഗമനോദ്ദേശ്യം നിറവേറ്റുന്നതില്‍ വ്യാപൃതനായി.
അക്കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ലോക്കപ്പില്‍ മനുഷ്യത്വം എന്ന വാക്ക് ഉച്ഛരിക്കാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. ഇടിയന്‍ നാരായണ പിള്ളയുടെ തുടരെയുള്ള മര്‍ദ്ദനത്തില്‍ വിഎസിന് ബോധം നഷ്ടപ്പെട്ടു. ബോധംകെട്ട വിഎസ് മരിച്ചുപോയെന്ന് പൊലീസ് വിധിയെഴുതുകയും ചെയ്തതോടെ നാരായണ പിള്ളയുടെ ആജ്ഞയെത്തി മൃതദേഹം കൊണ്ട് കാട്ടില്‍ കളയാന്‍.
വിഎസ് അച്യുതാനന്ദനെ കാട്ടില്‍ കളയാന്‍ ഒരു സംഘം പൊലീസ് ജീപ്പിന്റെ ഉള്ളില്‍ കിടത്തി. തുടര്‍ന്ന് കാട് ലക്ഷ്യമാക്കി പൊലീസ് ജീപ്പ് കുതിച്ചു. ഇതിനിടെ ജീപ്പിലുണ്ടായിരുന്ന കോലപ്പന്‍ എന്ന തസ്‌കരന്‍ വിഎസില്‍ ജീവന്റെ തുടിപ്പ് കണ്ടെത്തി. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതൊന്നും വിഷയമായിരുന്നില്ല.
അവര്‍ ഇടിയന്‍ നാരായണ പിള്ളയുടെ ആജ്ഞയായിരുന്നു വലുത്. എന്നാല്‍ കോലപ്പന്‍ നിലവിളിച്ചുകൊണ്ട് നിറുത്താതെ ആ പൊലീസ് ഉദ്യോഗസ്ഥരോട് അപേക്ഷിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ പൊലീസുകാര്‍ കോലപ്പന്റെ അപേക്ഷ സ്വീകരിച്ചു. പൊലീസ് ജീപ്പ് വിഎസിനെയും കൊണ്ട് പാലായിലെ ജനറല്‍ ആശുപത്രി ലക്ഷ്യമാക്കി നീങ്ങി.
Read more
തുടര്‍ന്ന് നീണ്ടകാലം ആശുപത്രിയില്‍ ചികിത്സയില്‍. ഇടിയന്‍ നാരായണ പിള്ളയുടെ ഇടിയും ബയണറ്റ് കാലിന്റെ വെള്ളയിലൂടെ കുത്തി അപ്പുറത്ത് കയറ്റിയ മുറിവും ആ ശരീരത്തെ ക്ഷീണിപ്പിച്ചിരുന്നു. എന്നാല്‍ വിഎസിന്റെ ഇടനെഞ്ചില്‍ സൂക്ഷിച്ച കമ്മ്യൂണിസത്തിന്റെ കനല്‍ കെടുത്താന്‍ പൊലീസ് മര്‍ദ്ദനങ്ങള്‍ക്കായില്ലെന്ന് കാലം തെളിയിക്കുകയായിരുന്നു.







