യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ അക്രമം, വി ഡി സതീശന്‍ ഒന്നാം പ്രതി

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി സര്‍ക്കാര്‍ കേസെടുത്തു. എംഎല്‍എമാരായ ഷാഫി പറമ്പില്‍, എം വിന്‍സന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരേ പൊലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്.

നവകേരളാ സദസുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാനത്താകമാനം അക്രമം അഴിച്ചിവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലാണ് വന്‍ സംഘര്‍ഷം ഉണ്ടായത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്ത ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

സെക്രട്ടേറിയറ്റിനും ഡിസിസി ഓഫീസിനും മുന്നിലുണ്ടായ സംഘര്‍ഷവും പൊലീസുമായുള്ള ഏറ്റുമുട്ടലിന്റെയും ഭാഗമായാണ് കേസ്. രണ്ട് ബസുകളും പിങ്ക്പോലീസിന്റെ ഒരു കാറും പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. പൂജപ്പുര സി ഐ റോജ, കന്റോന്‍മെന്റ് എസ് ഐ ദില്‍ജിത്ത് തുടങ്ങി എട്ടു പൊലീസുകാര്‍ക്കും നിരവധി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.