പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് ശുപാർശയിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സംഭവത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് പറഞ്ഞ എം വി ഗോവിന്ദൻ സിബിഐ അന്വേഷണം എന്നത് എല്ലാത്തിന്റെ അവസാന വാക്കാണെന്ന നിലപാട് തങ്ങൾക്കില്ലെന്നും പറഞ്ഞു.
സർക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യം അന്വേഷിച്ച റിപ്പോർട്ടാണ് വിജിലൻസ് നൽകിയിരിക്കുന്നത്. സർക്കാർ ഇത് സംബന്ധിച്ച് തീരുമാനം എടുക്കട്ടെയന്ന് പറഞ്ഞ എംവി ഗോവിന്ദൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കമാണിതെന്ന ആരോപണവും തള്ളി. അതും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ടന്നും വിദേശത്ത് പോയി പണം സ്വരൂപിക്കാൻ ആർക്കും അവകാശമില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര ഏജൻസിയെ സംബന്ധിച്ച് പാർട്ടിക്ക് ഒരു നിലപാടുണ്ട്. ഇവിടുത്തെ വിഷയം വിദേശ പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ടതാണ്. വിഷയത്തിൽ സർക്കാർ നിയമപരമായി ചെയ്യാൻ കഴിയുന്നതായിരിക്കും ചെയ്യുകയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുകയെന്നതാണ് സിപിഐഎമ്മിന്റെ നിലപാടെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.







