എഡിജിപി ശ്രീജിത്തിന് എതിരെ അന്വേഷണത്തിന് സര്‍ക്കാരിനോട് അനുമതി തേടി വിജിലന്‍സ് ഡയറക്ടറേറ്റ്; അധികാര ദുര്‍വിനിയോഗത്തിനും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരെ പരാതി നല്‍കിയത് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിപിന്‍ ഇടവന

പൊലീസ് ആസ്ഥാനത്തെ എഡിജിപി ശ്രീജിത്തിന് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാറിനോട് അനുമതി തേടി വിജിലന്‍സ് ഡയറക്ടറേറ്റ്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ദിപിന്‍ ഇടവന വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയാണ് അനുമതി ആവശ്യപ്പെട്ട് സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് എഡിജിപിക്ക് എതിരെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ശ്രീജിത്ത് Iട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ TC സ്‌ക്വാഡ് എന്നപേരില്‍ ഒരു സ്‌ക്വാഡ് ഉണ്ടാക്കിയെന്നും ഈ സ്‌ക്വാഡ് നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുകയും, പിന്നീട് ഉദ്യോഗസ്ഥരില്‍ നിന്നും അഞ്ചു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി കേസുകള്‍ ഒതുക്കി തീര്‍ക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്ന പ്രധാന ആരോപണം. TC സ്‌ക്വാഡില്‍ നിയോഗിക്കപ്പെട്ട രണ്ട് പ്രധാന ഉദ്യോഗസ്ഥര്‍ വിജിലന്‍സ് കേസില്‍ പ്രതികളാണ് എന്ന് അറിഞ്ഞിട്ടും അവരെ തന്നെ ശ്രീജിത്ത് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഈ സംഘം ഉദ്യോഗസ്ഥ നിയമനങ്ങളില്‍ ഇടപെട്ടതായും പരാതിയില്‍ ആക്ഷേപമുണ്ട്.

മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്‌മെന്റിലെ ചില ഉദ്യോഗസ്ഥരുടെ പേരുകള്‍ ഉന്നയിച്ചാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ദിപിന്‍ ഇടവന ആരോപണം ഉന്നയിക്കുന്നത്. മേല്‍പറഞ്ഞ ആരോപണങ്ങള്‍ മനസിലാക്കാന്‍ മലപ്പുറം സ്വദേശിയായ ബിജു MVI, നിലമ്പൂരിലെ ഷഫീസ് AMVI, സ്മിത MVI, തൃശ്ശൂരിലെ സുരേഷ് AMVI എന്നിവരുടെ കാര്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകുമെന്നാണ് ദിപിന്‍ ഇടവന പറയുന്നത്. ഗണേഷ് കുമാര്‍ വകുപ്പ് മന്ത്രി ആയതിനു ശേഷമാണു TC സ്‌ക്വാഡ് വഴിയുള്ള അഴിമതിക്ക് അറുതി വന്നതെന്നും, ഗണേഷ് കുമാര്‍ മന്ത്രിയാകുന്നതിനു മുന്‍പും ശേഷവും TC സ്‌ക്വാഡ് പിടിച്ച കേസുകളുടെ എണ്ണമെടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും പരാതിയില്‍ പറയുന്നുണ്ട്. അതുപോലെ തന്നെ TC സ്‌ക്വാഡ് പിടിച്ച കേസുകള്‍ ശ്രീജിത്ത് IPS ന്റെ കാലത്ത് എന്ത് ചെയ്തുവെന്നും അന്വേഷിക്കേണ്ടതാണെന്നും വിജിലന്‍സ് ഡയറക്ടറേറ്റിന് നല്‍കിയ പരാതിയില്‍ ദിപിന്‍ ഇടവന പറയുന്നു. വളരെ സംഘടിതമായാണ് ശ്രീജിത്ത് ഐ.പി.എസ് ടി.സി സ്‌ക്വാഡിനെ ഉപയോഗിച്ച് എം.വി.ഡിയില്‍ അഴിമിതി നടത്തിയിട്ടുള്ളത് എന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനു പുറമെ ശ്രീജിത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ കാലത്ത് നടന്ന ലൈസന്‍സ് പ്രിന്റിംഗുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദമായി പരിശോധിക്കണമെന്നും ദീപിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീജിത്തിന്റെ നിയമവിരുദ്ധവും അനധികൃതവും അഴിമതി സമ്പന്നവുമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കണ്ണൂരിലെ ഇടനിലക്കാരന്‍ പിലാത്തറയിലെ ഒരു ഗ്രാനൈറ്റ് ഉടമയാണെന്നതാണ് മറ്റൊരു ആരോപണം. ഈ വ്യക്തിയുടെ പേരും വിശദാംശങ്ങളും വിജിലന്‍സിന് കൈമാറിയതായാണ് ലഭിക്കുന്ന വിവരം. ഇയാള്‍ നേരിട്ട് MVD ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും TC സ്‌ക്വാഡ് പിടിക്കുന്ന ഉദ്യോഗസ്ഥരുടെ കേസുകള്‍ തീര്‍ക്കുന്നതിനും ഇടനിലക്കാരനായി നിന്നുകൊണ്ട് ശ്രീജിത്തിനുവേണ്ടി കോടികള്‍ പിരിച്ചെടുത്തു എന്നാണ് പരാതിയിലെ ആരോപണം. ഈ ഇടനിലക്കാരന് ഒരു മ്യൂസിക് ട്രൂപ് ഉണ്ടെന്നും എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ശ്രീജിത്ത് ആണെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ഈ ട്രൂപ്പ് സ്ഥാപിച്ചതും ഉദ്ഘാടനം ചെയ്തതും ശ്രീജിത്ത് ആണെന്നതും പരാതിയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. ഈ ഗ്രൂപ്പിന്റെ പരിപാടികള്‍ പലതും സംഘടിപ്പിക്കുന്നതു പോലും ശ്രീജിത്ത് IPS ആണ് എന്നത് അന്വേഷിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് ദിപിന്‍ ഇടവന പറയുന്നത്. ഇത്തരം പരിപാടികള്‍ക്കായി സ്‌പോണ്‍സര്‍മാരില്‍ നിന്നും വന്‍ തുകകള്‍ കൈപ്പറ്റുന്നുണ്ടെന്ന ആരോപണവും പരാതിയിലുണ്ട്.

മ്യൂസിക് ട്രൂപ്പിന്റെ ഉദ്ഘാടനത്തിന് ജില്ലയിലെ MVD ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചു കൊണ്ട് സിവില്‍ ഡ്രസ്സില്‍ ചടങ്ങില്‍ പങ്കെടുപ്പിച്ചു എന്ന മറ്റൊരു ഗുരുതര കാര്യവും പരാതിയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. പരാതിയില്‍ പറയുന്ന മറ്റൊരു കാര്യം എഡിജിപി ശ്രീജിത്ത് സ്വകാര്യ സദസ്സുകളില്‍ പോലീസ് വേഷത്തില്‍ പങ്കെടുക്കുകയും പാട്ടുകള്‍ പാടുകയും ചെയ്യുന്നതും കച്ചേരികള്‍ നടത്തുന്നതിനെയും കുറിച്ചാണ്. മത വിദ്വേഷം പരത്തുന്ന വിധത്തില്‍ വരെ വേദികളില്‍ പരസ്യമായി പ്രസംഗം നടത്തുന്നതിനു പുറമെ വന്‍കിട മുതലാളിമാരുടെ വീടുകളില്‍ പോയി പാട്ടുകള്‍ പാടുന്നതായ ഞെട്ടിക്കുന്ന വിവരവും പരാതിക്കാരന്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ക്ലിപ്പുകള്‍ നല്‍കാന്‍ തയ്യാറാണെന്നും വിജിലന്‍സിനെ പരാതിക്കാരന്‍ അറിയിച്ചിട്ടുണ്ട്.

ശ്രീജിത്ത് IPS, ഉദ്യോഗസ്ഥരുടെ സര്‍വീസ് അച്ചടക്ക ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരം സ്വകാര്യ പരിപാടികള്‍ നടത്തുകയും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും അനുചിതമായി പ്രസംഗിക്കുകയും ചെയ്യുന്നത് പദവി ദുരുപയോഗം മാത്രമല്ല, പണവും പരിതോഷികവും കൈപറ്റിയാണെന്നും ഇതേ കുറിച്ചും വിജിലന്‍സ് അന്വേഷണം അനിവാര്യമാണെന്നുമാണ് പരാതിയില്‍ പറയുന്നത്. മാത്രമല്ല, സംഗീത പരിപാടികള്‍ക്ക് ഉള്‍പ്പെടെ ശ്രീജിത്ത് IPS പോകുന്നത് ഔദ്യോഗിക വാഹനത്തിലാണെന്നും ഇത് പ്രകടമായ പദവി ദുരുപയോഗമാണെന്നും, ശ്രീജിത്തിന്റെ ട്രാവല്‍ രേഖകള്‍ ഉള്‍പ്പെടെ വിജിലന്‍സ് പരിശോധിക്കണമെന്നതും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റു ചില ഗുരുതര സ്വഭാവമുള്ള കാര്യങ്ങള്‍ കൂടി പരാതിയില്‍ പറയുന്നുണ്ട്. അതില്‍ പ്രധാനം ശബരിമല സംബന്ധിച്ച കാര്യമാണ്. ശബരിമല പൊലീസ് കോഡിനേറ്ററും പൊലീസ് ആസ്ഥാനത്തെ എഡി.ജി.പിയുമായ ശ്രീജിത്ത് ഐ.പി.എസ് മായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കുള്ള അടുപ്പം വിജിലന്‍സ് അന്വേഷിക്കണമെന്നതാണ് ആവശ്യം. പൊലീസ് ആസ്ഥാനത്ത് എത്തി പോറ്റി ശ്രീജിത്ത് IPS നെ ഷാള്‍ അണയിച്ച് ആദരിച്ച പശ്ചാത്തലത്തില്‍ ഈ ബന്ധത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നതാണ് ആവശ്യം. പൊലീസിന് ഭീമ ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്യ ആംബുലന്‍സിന്റെ ഇടനിലക്കാരനായി ഉണ്ണികൃഷ്ണന്‍ പോറ്റി മാറിയതു തന്നെ ശ്രീജിത്തുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആക്ഷേപമുണ്ട്.

തിരുവനന്തപുരത്ത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നിന്ന് പൊലീസിന് ആംബുലന്‍സ് വാങ്ങുന്നതിന് മുന്‍പ് തന്നെ സംസ്ഥാന ഇന്റലിജന്‍സിനെ കൊണ്ട് അന്വേഷണം നടത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ എഡിജിപി ശ്രീജിത്ത് ഐ.പി.എസിനും ഉണ്ണികൃഷ്ണന്‍ പോറ്റിക്കും എന്തെങ്കിലും പ്രതിഫലം കിട്ടിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും വിജിലന്‍സ് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അംബുലന്‍സ് കൈമാറുന്ന ദിവസത്തെയും തൊട്ടു മുന്‍പുള്ള ദിവസങ്ങളിലെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊബൈല്‍ കോള്‍, വാട്ട് ആപ്പ് വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ വിജിലന്‍സ് നേരിട്ട് എടുപ്പിച്ച് പരിശോധിച്ചാല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

Read more

സംസ്ഥാനത്തിന് പുറത്തും അകത്തുമുള്ള സമ്പന്നരായ വ്യക്തികളെ പൊലീസ് അകമ്പടിയോടെ പമ്പയില്‍ നിന്നും സനിധാനത്ത് എത്തിച്ചും മറ്റ് സൗകര്യങ്ങള്‍ നല്‍കിയുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ സാമ്പത്തിക നേട്ടം കൊയ്യുന്നത്. ഇതിന് അവസരം ഒരുക്കുന്നതാകട്ടെ ശബരിമല പൊലീസ് കോഡിനേറ്ററായ ശ്രീജിത്തിന്റെ സഹായത്തോടെയാണെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനും ഇരുവര്‍ക്കും പാരിതോഷികം കിട്ടിയിട്ടുണ്ടോ എന്നതും വിജിലന്‍സ് പരിശോധിക്കേണമെന്നാണ് ദിപിന്‍ ഇടവനയുടെ ആവശ്യം. ഇക്കാര്യങ്ങള്‍ അറിയാന്‍ ശബരിമലയിലെ പൊലീസിന്റെയും ദേവസ്വത്തിന്റെയും സിസിടിവി ദൃശ്യങ്ങളും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാട്‌സ് ആപ്പ്, ഇമെയില്‍, ടെലഗ്രാം ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളും ഫോണ്‍കോള്‍ വിശദാംശങ്ങളും പരിശോധിച്ചാല്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് ദിപിന്‍ ഇടവന പറയുന്നത്. താന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തിയാല്‍ തന്നെ കേസ് എടുത്ത് അന്വേഷിക്കാനുള്ള തെളിവുകള്‍ ലഭിക്കുമെന്നും അതിന് വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായാല്‍ തന്റെ കൈവശമുള്ള തെളിവുകള്‍ കൈമാറാമെന്നാണ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട് മെന്റിലെ ഉദ്യോഗസ്ഥന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ പറഞ്ഞ കാര്യങ്ങളിലെ ഗൗരവ സ്വഭാവം മനസ്സിലാക്കിയാണ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടറേറ്റ് ആഭ്യന്തര സെക്രട്ടറിക്ക് ഫയല്‍ കൈമാറിയിരിക്കുന്നത്.