കൊടിമരപ്രതിഷ്ഠയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു; ലഭിച്ച സ്വര്‍ണത്തിന് 'കണക്കില്ല'; ശബരിമലയിലേക്ക് സ്വര്‍ണം സമര്‍പ്പിച്ച സിനിമ താരങ്ങളുടെ അടക്കം മൊഴിയെടുക്കും; എത്ര കൊടുത്തുവെന്ന് അറിയണം

ശബരിമലയിലെ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സിനിമാതാരങ്ങളും വ്യവസായ പ്രമുഖരുമടക്കം സ്വര്‍ണം സമര്‍പ്പിച്ച 27 പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. ലഭിച്ച സ്വര്‍ണത്തിന് കണക്കുകളില്ലാത്തതിനാല്‍ ഇക്കാര്യം കണ്ടെത്താനാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സിന്റെ ശ്രമം. ശബരിമലയിലെ കൊടിമര പ്രതിഷ്ഠയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം വിജിലന്‍സിനോട് നിര്‍ദേശിച്ചത്. പ്രാഥമികാന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

ഭക്തര്‍ കണക്കില്ലാത്തത്ര സ്വര്‍ണം ശബരിമലയിലേക്ക് നല്‍കിയിട്ടുണ്ട്. ഇതിനൊന്നും കൃത്യമായ രസീതോ ആരൊക്കെ എത്ര നല്‍കിയെന്നോ രേഖപ്പെടുത്താത്തത് തന്ത്രിയേയും ദേവസ്വം ബോര്‍ഡിനേയും ഉദ്യോഗസ്ഥരേയും സംശയ നിഴലിലാക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. 2017-ല്‍ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്വര്‍ണം സമര്‍പ്പിച്ച ഭക്തരെ കണ്ടെത്തി എത്ര സ്വര്‍ണം സമര്‍പ്പിച്ചുവെന്ന് മൊഴിയിലൂടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. 27 പേരുടെ പട്ടികയാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്.

സ്വര്‍ണം നല്‍കിയ 27 പേരില്‍ എട്ടുപേര്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ദേവന്‍ തുടങ്ങിയവരും വ്യവസായ പ്രമുഖരും ഇതില്‍ ഉള്‍പ്പെടും. ഓരോരുത്തരേയും നേരിട്ടുകണ്ട് വഴിപാടായി എത്ര സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് ചോദിച്ചറിയും. ശേഷം കൊടിമരത്തിന് എത്ര സ്വര്‍ണം ഉപയോഗിച്ചെന്ന് കണ്ടെത്തും. ഇതില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയാല്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണത്തിലേക്ക് കടക്കും.

Read more

ശബരിമലയില്‍ കൊടിമരം നിര്‍മിക്കാന്‍ സംഭാവനയായി സ്വര്‍ണം നല്‍കിയവരുടെ പേരിനുപകരം മഹസറില്‍ രേഖപ്പെടുത്തിയത് ‘ഭക്തന്‍’ എന്നുമാത്രമായിരുന്നു. സ്വര്‍ണം നല്‍കിയവര്‍ക്ക് രസീത് കൊടുത്തിട്ടില്ലെന്നും ആര്, എത്ര അളവില്‍ നല്‍കിയെന്നതിനു രേഖയോ വ്യക്തതയോ ഇല്ലെന്നും ദേവസ്വം വിജിലന്‍സ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പഴയ കൊടിമരത്തിലെ മൂന്ന് ആലിലകളില്‍ ഒരെണ്ണം നഷ്ടപ്പെട്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണത്തിലേക്ക് കടക്കുന്നത്.