കണ്ണൂർ പാലത്തായി കേസിലെ കോടതി വിധിയിൽ തനിക്കെതിരെ പരാമർശമില്ലെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. പ്രചാരണത്തിന് പിന്നിൽ നിക്ഷിപ്‌ത താത്പര്യക്കാർ ആണെന്ന് പറഞ്ഞ കെ കെ ശൈലജ കരുതിക്കൂട്ടിയുള്ള ദുഷ്‌ടലാക്കോടെയുള്ള പ്രചരണമാണെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഇതിന് പിന്നിൽ ആരാണുള്ളതെങ്കിലും അടിയന്തരമായി പിന്തിരിയണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.
അന്വേഷണത്തിൻ്റെ എല്ലാ ഘട്ടത്തിലും കുടുംബം തന്നെ ബന്ധപ്പെട്ടിരുന്നെന്നും കെ കെ ശൈലജ പറഞ്ഞു. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി കുട്ടിയെ ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതി പറയാൻ കുട്ടിയേയും കൂട്ടി രക്ഷിതാക്കൾ പൊലീസിനെ കാണാൻ പോയപ്പോൾ തന്നെ അന്നത്തെ തലശ്ശേരി ഡിവൈഎസ്‌പിയെ വിളിച്ച് സംസാരിച്ചിരുന്നെന്നും വളരെ ഗൗരവത്തിൽ തന്നെ കേസ് അന്വേഷിക്കണമെന്ന് പറഞ്ഞതായും ശൈലജ പറഞ്ഞു.
ഡിവൈഎസ്‌പിയെ വിളിക്കുമ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ മുന്നിലിരിക്കുന്നുണ്ടായിരുന്നെന്നും ശൈലജ കൂട്ടിച്ചേർത്തു. പിന്നീട് നാട്ടിൽ എത്തിയപ്പോൾ അന്ന് വിളിക്കുമ്പോൾ തങ്ങൾ മുന്നിലിരിക്കുന്നുണ്ടായിരുന്നെന്നും ടീച്ചർ പറഞ്ഞത് പൊലീസ് തങ്ങളോട് പറഞ്ഞെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞതായി ശൈലജ പറഞ്ഞു. ഏതെങ്കിലും തരത്തിൽ അന്നത്തെ ഏതെങ്കിലും കൗൺസലർമാർ കുട്ടിയെ ഉപദ്രവിക്കുന്ന ഘട്ടമുണ്ടായിട്ടുണ്ടെങ്കിൽ അതൊന്നും അന്വേഷിക്കുന്നതിന് ഞങ്ങളാരും എതിരല്ല എന്നും ശൈലജ കൂട്ടിച്ചേർത്തു.







