വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും സംരക്ഷണ സമിതി അറിയിച്ചു. അനേകം തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്‌കാരം നൽകുന്നത് നിയമവിരുദ്ധമാണെന്ന് എസ്എൻഡിപി സംരക്ഷണ സമിതി പ്രതികരിച്ചു.

വെള്ളാപ്പള്ളി 21 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും സംരക്ഷണ സമിതി അറിയിച്ചു. പത്മവിഭൂഷൻ ജേതാവ് വി. എസ്. അച്ചുതാനന്ദൻ നൽകിയ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെയും പ്രതിയാണ് വെള്ളാപ്പള്ളി.
പണം നൽകിയാണോ പുരസ്‌കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

അതിനിടെ NSS -SNDP ഐക്യം പിരിച്ചത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്ഭൂഷൺ അവാർഡ് തന്നെയെന്ന് സ്ഥിരീകരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തി. ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരമാണെന്ന് പറഞ്ഞ ജി സുകുമാരൻ എൻഎസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അവാർഡ് വന്നത് ശുദ്ധമല്ല എന്ന് തോന്നിയെന്നും മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.

Read more