ശ്രീനാരായണ ഗുരു സര്‍വ്വകലാശാലയെ സര്‍ക്കാര്‍ അവഗണിക്കരുത്; അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം; പ്രവര്‍ത്തനം മന്ദീഭവിക്കുന്നത് കേരളത്തിന് അപമാനമെന്ന് വെള്ളാപ്പള്ളി

ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ സ്ഥാപിച്ച സര്‍വകലാശാലയ്ക്ക് നേരിടുന്ന അവഗണനക്കെതിരെ തുറന്നടിച്ച് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ ഒരു സര്‍വകലാശാലാ കേരളത്തില്‍ മൂന്നുവര്‍ഷം മുമ്പ് പിറവി കൊണ്ടപ്പോള്‍ അഭിമാനിച്ചവരാണ് നാമെല്ലാവരും.

ദൗര്‍ഭാഗ്യവശാല്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ബാലാരിഷ്ടതകളാല്‍ വലയുകയാണ്. കേരളത്തിലെ മറ്റെല്ലാ സര്‍വകലാശാലകളിലും ബിരുദ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു വരുമ്പോള്‍ വിദൂരവിദ്യാഭ്യാസം നല്‍കുന്ന ഈ സര്‍വകലാശാലയില്‍ കുട്ടികളുടെ എണ്ണം കൂടുകയാണെന്ന് അദേഹം എസ്എന്‍ഡിപിയുടെ മുഖമാസികയായ യോഗനാദത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ആദ്യവര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ അഡ്മിഷന് 13,000ല്‍ പരം വിദ്യാര്‍ത്ഥികളാണ് പ്രവേശനംനേടിയത്. ഇതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം 20000 കഴിഞ്ഞു. ഈ വര്‍ഷം ഇനിയും വര്‍ദ്ധിക്കാനാണ് സാദ്ധ്യത. പരമ്പരാഗതമായ റഗുലര്‍ കോഴ്സുകളേക്കാള്‍ വിദൂര വിദ്യാഭ്യാസത്തിന് കേരളത്തില്‍ വലിയ സാദ്ധ്യതയുണ്ടെന്നും പുതിയ തലമുറ നൂതനമായ പഠനരീതികളിലേക്ക് ആകൃഷ്ടരാകുന്നുണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. കേന്ദ്ര വിദൂരവിദ്യാഭ്യാസ സര്‍വകലാശാലയായ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഓരോ വര്‍ഷവും കേരളത്തില്‍ നിന്ന് ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അവിടെയും രജിസ്ട്രേഷന്‍ വര്‍ഷംതോറും കൂടുകയാണ്. ശ്രീനാരായണ സര്‍വകലാശാലയെ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോയാല്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് അഭിമാന സ്ഥാപനങ്ങളിലൊന്നാകും. പക്ഷേ അതിന് അടിസ്ഥാന സൗകര്യങ്ങളും മികച്ച നേതൃത്വവും ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളും വേണം. നമ്മുടെ വിദ്യാഭ്യാസമേഖലയിലെ പ്രധാനപ്പെട്ട വഴിത്തിരിവായി? മാറാനുള്ള സാദ്ധ്യത ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് ഉണ്ടെന്നത് ഉറപ്പാണ്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2020 ഒക്ടോബര്‍ രണ്ടിനാണ് കേരളത്തിലെ 15-ാമത്തെ സര്‍വകലാശാലയായി ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്. കൊല്ലം കുരീപ്പുഴയിലാണ് ആസ്ഥാനം. ഇവിടെയും തൃപ്പൂണിത്തുറ, പട്ടാമ്പി, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലെയും മേഖലാകേന്ദ്രങ്ങളിലൂടെയാണ് സര്‍വകലാശാലായുടെ പ്രവര്‍ത്തനം. കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ വിദൂരവിദ്യാഭ്യാസം ഒറ്റ സര്‍വകലാശാലയ്ക്ക് കീഴിലാക്കുന്നതിന് വേണ്ടി രൂപം കൊണ്ട സര്‍വകലാശാലയില്‍ 12 ബിരുദകോഴ്സുകളും 10 ബിരുദാനന്തര ബിരുദകോഴ്സുകളും ഇപ്പോഴുണ്ട്. ഭാഷാ കോഴ്സുകള്‍ ഒഴികെ മറ്റു കോഴ്സുകളുടെ പരീക്ഷകള്‍ മലയാളത്തില്‍ എഴുതാമെന്ന പ്രത്യേകതയും ഉണ്ട്. ശ്രീനാരായണ ഗുരുദേവ പഠനം കേന്ദ്രീകരിച്ച് ബി.എ., എം.എ. ഫിലോസഫി കോഴ്സുകളും ഉണ്ടെന്നതാണ് ഗുരുവും സര്‍വകലാശാലയും തമ്മിലുള്ള പ്രധാനബന്ധം. സര്‍വകലാശാല ലോഗോയില്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഗുരുവിന്റെ രേഖാചിത്രം കൂടി ഉള്‍പ്പെടുത്തി എന്ന കാര്യവും പറയാതിരിക്കാനാവില്ല.

വാടക കെട്ടിടത്തിലാണ് സര്‍വകലാശാലയുടെ ആസ്ഥാനം പ്രവര്‍ത്തനം തുടങ്ങിയത്. മേഖലാകേന്ദ്രങ്ങള്‍ വിവിധ സര്‍ക്കാര്‍ കോളേജുകളിലുമായിരുന്നു. സര്‍വ്വകലാശാലയ്ക്ക് മൂന്നുവര്‍ഷവും ഫണ്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ ഒരു വീഴ്ചയും കാണിച്ചിട്ടില്ല. പക്ഷേ സ്വന്തം ആസ്ഥാനമന്ദിരം സ്ഥാപിക്കാന്‍ കാര്യമായ ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. സര്‍വ്വകലാശാല സ്വയംഭരണ സ്ഥാപനമാകയാല്‍ സര്‍ക്കാരിന് നേരിട്ട് സ്ഥലം ഏറ്റെടുക്കാനാവില്ല. സര്‍വകലാശാലാ അധികാരികള്‍ തന്നെ അതിന് മുന്നിട്ടിറങ്ങണം. നടപടികളുടെ ആദ്യഘട്ടം തുടങ്ങിയെങ്കിലും അത് ഇതുവരെയും എങ്ങും എത്തിയിട്ടില്ല. സര്‍വകലാശാലകളുടെ മികവിന്റെ അളവുകോലായി കണക്കാക്കുന്ന നാക് അക്രഡിറ്റേഷന് സ്വന്തം കാമ്പസുകളും ആസ്ഥാനവും നിര്‍ബന്ധമാണ്. ഇവയില്ലാത്തതിനാല്‍ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ ചിന്തിക്കാനാവില്ല.

മേഖലാകേന്ദ്രങ്ങളില്‍ പട്ടാമ്പിയിലുംകോഴിക്കോടും ഡയറക്ടര്‍മാര്‍ ഇല്ലാതായിട്ട് മാസങ്ങളായി. കൊല്ലത്തെ ആസ്ഥാനത്തും സര്‍ക്കാര്‍കോളേജുകളിലെ പരിമിതമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാലുമേഖലാകേന്ദ്രങ്ങളിലും ആവശ്യത്തിന് ജീവനക്കാരില്ല. കരാര്‍, ഡെപ്യൂട്ടേഷന്‍ ജീവനക്കാരാണ് സര്‍വകലാശാലയെ മുന്നോട്ടു കൊണ്ടുപോകുന്നത്. സ്വന്തം സ്ഥിരം ജീവനക്കാരുടെ അഭാവം വലിയ കുറവുതന്നെയാണ്. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നതിനാല്‍ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ കൂടുതല്‍ ജീവനക്കാര്‍ അനിവാര്യമാണ്. വരും വര്‍ഷങ്ങളിലും വിദ്യാര്‍ത്ഥികള്‍ കൂടാനാണ് സാദ്ധ്യത. ജോലിഭാരം കാരണം ഡെപ്യൂട്ടേഷനിലുള്ളവര്‍ എങ്ങിനെയും സ്വന്തം ലാവണങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള ശ്രമങ്ങളിലാണ്. പല സര്‍വകലാശാലകളിലും ആവശ്യത്തിലേറെ പോസ്റ്റുകളുണ്ട്. അവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞും വരികയാണ്. അധികതസ്തികളുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് ആവശ്യത്തിന് തസ്തികകള്‍ താത്കാലികമായെങ്കിലും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയിലേക്ക് മാറ്റിയാല്‍ അത് സര്‍വകലാശാലയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഗുണകരമാകും.

സംസ്ഥാനത്തെ വിവിധ അഫിലിയേറ്റഡ് കോളേജുകളിലായി 23 പഠനകേന്ദ്രങ്ങള്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലക്കുണ്ട്. ഈ ലേണേഴ്സ് സപ്പോര്‍ട്ട് സെന്ററുകളിലൂടെയാണ് ഈ ക്ലാസുകളുടെ നടത്തിപ്പ്. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ഉന്നതയോഗ്യതകളുള്ള അദ്ധ്യാപകരാണ് പ്രധാനമായും കോണ്‍ടാക്ട് ക്ലാസുകള്‍ എടുക്കുന്നത്. ഹിന്ദി, സംസ്‌കൃതം തുടങ്ങി ഏതാനും ഭാഷാകോഴ്സുകള്‍ക്ക് ഒഴികെ മറ്റുള്ളവയ്ക്കെല്ലാം ആവശ്യത്തിന് വിദ്യാര്‍ത്ഥികളുണ്ട്. യു.ജി.സി. നിബന്ധനകള്‍ക്കും നിയമസഭ പാസാക്കിയ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല ആക്ടിനും വിരുദ്ധമായി മറ്റ് സര്‍വ്വകലാശാലകള്‍ക്ക് പ്രൈവറ്റ് രജിസ്ട്രേഷന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയെ ബാധിച്ചേക്കുമെന്ന് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വീട്ടമ്മമാര്‍ക്കും വിദ്യാഭ്യാസം മുടങ്ങിയവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും നാമമാത്രമായ ചെലവില്‍ യു.ജി.സി. അംഗീകൃതമായ ഉന്നതവിദ്യാഭ്യാസം നേടാനുള്ള ലളിതമായ അവസരമാണ് ഈ സര്‍വകലാശാല ഒരുക്കുന്നത്. വേണമെങ്കില്‍ ഒരേസമയം രണ്ട് ബിരുദകോഴ്സുകള്‍ പഠിക്കാമെന്ന പ്രത്യേകതയുമുണ്ട്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ച, ജനകോടികള്‍ ദൈവമായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെപേരില്‍ തുടക്കം കുറിച്ച ഈ മഹാസ്ഥാപനത്തെ രാജ്യത്തിന് തന്നെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റാനുള്ള കടമ സംസ്ഥാനസര്‍ക്കാരിനുണ്ട്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നത് മലയാളികള്‍ക്കും കേരളത്തിനും അപമാനകരമാണ്. സംസ്ഥാന സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല സാരഥികളും ഇക്കാര്യം വളരെ ഗൗരവമായി? കണക്കിലെടുക്കണം. എത്രയും വേഗം സ്വന്തം ആസ്ഥാനം ഉള്‍പ്പടെ സര്‍വ്വകലാശാലയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അദേഹം പറഞ്ഞു.