വീണ്ടും വെള്ളാപ്പള്ളി, മതേതര കോമഡിയാണ് മുസ്ലീം ലീഗെന്ന് എസ്എന്‍ഡിപി മുഖപത്രത്തില്‍ എഡിറ്റോറിയല്‍; മുസ്ലീങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലിം ലീഗെന്നും ആക്ഷേപം

മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം മുഖപത്രമായ ‘യോഗനാദം’ പുതിയ ലക്കം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി നടേശന്‍ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് മുസ്ലീം ലീഗെന്ന് വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തില്‍ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു. എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണമല്ല, മുസ്ലിങ്ങളുടെ അവകാശം നേടിയെടുക്കല്‍ മാത്രമാണ് ലീഗിന്റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ഇന്ത്യയുടെ വിഭജനത്തിന് വഴിയൊരുക്കിയ സര്‍വേന്ത്യ മുസ്ലിം ലീഗിന്റെ ഇന്ത്യന്‍ പതിപ്പാണ് ലീഗെന്നും കൂടുതല്‍ ഡെക്കറേഷന്‍ വേണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സമ്പന്നരായ മുസ്ലിങ്ങള്‍ക്ക് വേണ്ടി സമ്പന്നരായ നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. അവരുടെ വില്‍പന ചരക്കാണ് മുസ്ലീങ്ങള്‍. നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലിം ലീഗ് എന്ന് തിരിച്ചറിയണം എന്നും വെള്ളാപ്പള്ളി എഡിറ്റോറിയലില്‍ പറയുന്നു. ലീഗിലെ നവ നേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാല്‍ ഓര്‍മവരിക പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റല്‍ മഴയില്‍ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു.

മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് വെള്ളാപ്പള്ളി ലേഖനത്തില്‍ ഉയര്‍ത്തുന്നത്. തീപ്പൊരി പ്രാസംഗികനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജിയെപോലുള്ള ‘ആദര്‍ശധീരന്മാരായ’ലീഗ് നേതാക്കളുടെ മതേതരഭാഷണങ്ങള്‍ കേട്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ? പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണികളും കണ്ണുതുറന്നു തന്നെ ഇനി പാലുകുടിക്കുക എന്നും വെള്ളാപ്പള്ളി യോഗനാദത്തില്‍ പറയുന്നു.

പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടുമാകുന്ന നേതാക്കളുടെയും അണികളുടെയും ഇരട്ടമുഖം വെളിച്ചത്ത് വന്നു കഴിഞ്ഞു. പൊതുവേദികളില്‍ ഇവര്‍ പൂച്ചകളെ പോലെ മതേതരത്വത്തിന്റെ മനോഹാരിത വിളമ്പും, മുസ്ലിം വേദികളില്‍ പുലികളായി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വര്‍ഗീയവിഷമാണ് വിതറുന്നത്. രാഷ്ട്രീയം കൊള്ള ലാഭമുണ്ടാക്കാന്‍ കഴിയുന്ന ബിസിനസാണ് എന്ന് തെളിയിച്ചവരാണ് ലീഗ് നേതാക്കള്‍. മൂന്നാം തവണയും അധികാരം നഷ്ടപ്പെടുമോ എന്ന വെപ്രാളത്തിലാണ് ലീഗിന്റെ പുതിയ തലമുറ. അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല.

Read more

മുസ്ലിം വോട്ടുബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയം ലീഗിനെയും കെഎം ഷാജിയെയും ചുമക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നാണ് കെ.എം. ഷാജിയുടെ ന്യായീകരണം. അന്തസുണ്ടെങ്കില്‍ അദ്ദേഹം കുമ്പിടി കളിക്കാതെ രാഷ്ട്രീയകുപ്പായം അഴിച്ചുവെച്ച് മുസ്ലിങ്ങള്‍ക്കുവേണ്ടി സംസാരിക്കണം. അതാണ് മിനിമം മര്യാദയെന്നും വെള്ളാപ്പള്ളി നടേശന്‍ യോഗനാദം എഡിറ്റോറിയലില്‍ പറയുന്നു.