തന്നെ വിമര്‍ശിക്കുന്ന മുസ്ലീം നേതാക്കള്‍ ഗള്‍ഫില്‍ നടത്തുന്നത് തീവ്രവാദ പ്രസംഗങ്ങള്‍; യുഡിഎഫ് എല്‍ഡിഎഫ് അച്ചുതണ്ടുകള്‍ ഈഴവരുടെ ശക്തിതിരിച്ചറിയുമെന്ന് വെള്ളാപ്പള്ളി

കേരളത്തിലെ ഈഴവ സമുദായക്കാര്‍ ഇടതു-വലത് മുന്നണികള്‍ക്ക് വേലികെട്ടാന്‍ മാത്രം വിധിക്കപ്പെട്ടവരാണെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി സി.പി.എമ്മും ഇടതുമുന്നണിയും മുന്നോട്ടു പോകുകയാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഇതു മനസിലാക്കിയാല്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി അവരുടെ പക്കലുണ്ടാകും. ഇല്ലെങ്കില്‍ കരുവന്നൂര്‍ ബാങ്കിന്റെ അവസ്ഥയിലുമാകുമെന്ന് അദേഹം വിമര്‍ശിച്ചു.

പാര്‍ട്ടിയുടെ ഹിന്ദുവോട്ടുകള്‍, പ്രത്യേകിച്ച് പിന്നാക്ക വോട്ടുകള്‍ ബി.ജെ.പിയിലേക്കു പോയെന്ന് വിലപിക്കുമ്പോഴും രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സി.പി.എമ്മും സി.പി.ഐയും അവരെ വീണ്ടും അവഗണിച്ചു.
സി.പി.ഐയുടെ സീറ്റ് മുസ്‌ളീമിനും സി.പി.എമ്മിന്റേത് ക്രൈസ്തവനും വിളമ്പി. യു.ഡി.എഫ് ആകട്ടെ, പതിവു പോലെ തന്നെ മുസ്‌ളീം ലീഗിന് സമര്‍പ്പിച്ചു. രണ്ടു മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്കു പുറത്തായി.

ഈ യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞതിനാണ് ഇപ്പോള്‍ ചില മുസ്‌ളീം സംഘടനകളും നേതാക്കളും എസ്.എന്‍.ഡി.പി. യോഗത്തെയും എന്നെയും വര്‍ഗീയപട്ടം ചാര്‍ത്തി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നത്. ഒരു മുസ്‌ളീം നേതാവ് നവോത്ഥാന സമിതി നേതൃസ്ഥാനം രാജിവച്ചു. മറ്റു ചിലര്‍ ധവളപത്രമിറക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. ഇരട്ടമുഖമുള്ള ഈ ‘മതേതരവാദി’കള്‍ ഗള്‍ഫില്‍ ചെല്ലുമ്പോള്‍ നടത്തുന്ന തീവ്രവാദ പ്രസംഗങ്ങളെല്ലാം കേരളം നവമാദ്ധ്യമങ്ങളിലൂടെ കണ്ടിട്ടുള്ളതാണ്. അവരാണ് യാഥാര്‍ത്ഥ്യം പറഞ്ഞതിന് എന്നെ വിമര്‍ശിക്കുന്നത്.

വെള്ളാപ്പള്ളിയുടെ ലേഖനത്തിന്റെ പൂര്‍ണരൂപം:

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി സി.പി.എമ്മും ഇടതുമുന്നണിയും മുന്നോട്ടു പോകുകയാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഇതു മനസിലാക്കിയാല്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി അവരുടെ പക്കലുണ്ടാകും. ഇല്ലെങ്കില്‍ കരുവന്നൂര്‍ ബാങ്കിന്റെ അവസ്ഥയിലുമാകും!
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അഭംഗുരം തുടരുകയാണ്. എന്തുകൊണ്ട് തോറ്റുവെന്ന് ലളിതമായി പറയേണ്ടതിനു പകരം താത്വികമായ അവലോകനം നടത്തിയിട്ടൊന്നും ഇക്കാലത്ത് കാര്യമില്ല. സി.പി.എമ്മും സി.പി.ഐയും ഇപ്പോള്‍ നേരിടുന്നത് ഗുരുതരമായ അസ്തിത്വപ്രശ്‌നം തന്നെ. അത് ഇനിയും മനസിലാക്കിയിട്ടില്ലെന്നതിന്റെ തെളിവാണ് എല്‍.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം.

യു.ഡി.എഫ്. ആപാദചൂഡം പ്രീണിപ്പിച്ച് സ്വന്തം കക്ഷത്തില്‍ വച്ചിരിക്കുന്ന ന്യൂനപക്ഷ വോട്ടുകള്‍ എങ്ങിനെയുംപിടിച്ചെടുക്കാനുള്ള ആവേശത്തിലായിരുന്നു കുറേക്കാലമായി ഇടതു നയരൂപീകരണക്കാര്‍. രക്തപതാക തലമുറകളായി നെഞ്ചേറ്റിയ ഈഴവരാദി പിന്നാക്ക സമൂഹവും പട്ടികജാതി, വര്‍ഗ വിഭാഗങ്ങളും കാല്‍ക്കീഴില്‍ കിടക്കുമെന്ന ധാരണ ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തോടെ പൊളിഞ്ഞു. പാര്‍ട്ടിയുടെ ഹിന്ദുവോട്ടുകള്‍, പ്രത്യേകിച്ച് പിന്നാക്ക വോട്ടുകള്‍ ബി.ജെ.പിയിലേക്കു പോയെന്ന് വിലപിക്കുമ്പോഴും രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സി.പി.എമ്മും സി.പി.ഐയും അവരെ വീണ്ടും അവഗണിച്ചു.
സി.പി.ഐയുടെ സീറ്റ് മുസ്‌ളീമിനും സി.പി.എമ്മിന്റേത് ക്രൈസ്തവനും വിളമ്പി. യു.ഡി.എഫ് ആകട്ടെ, പതിവു പോലെ തന്നെ മുസ്‌ളീം ലീഗിന് സമര്‍പ്പിച്ചു. രണ്ടു മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്കു പുറത്തായി. ഈ യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞതിനാണ് ഇപ്പോള്‍ ചില മുസ്‌ളീം സംഘടനകളും നേതാക്കളും എസ്.എന്‍.ഡി.പി. യോഗത്തെയും എന്നെയും വര്‍ഗീയപട്ടം ചാര്‍ത്തി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നത്. ഒരു മുസ്‌ളീം നേതാവ് നവോത്ഥാന സമിതി നേതൃസ്ഥാനം രാജിവച്ചു. മറ്റു ചിലര്‍ ധവളപത്രമിറക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. ഇരട്ടമുഖമുള്ള ഈ ‘മതേതരവാദി’കള്‍ ഗള്‍ഫില്‍ ചെല്ലുമ്പോള്‍ നടത്തുന്ന തീവ്രവാദ പ്രസംഗങ്ങളെല്ലാം കേരളം നവമാദ്ധ്യമങ്ങളിലൂടെ കണ്ടിട്ടുള്ളതാണ്. അവരാണ് യാഥാര്‍ത്ഥ്യം പറഞ്ഞതിന് എന്നെ വിമര്‍ശിക്കുന്നത്.

അവര്‍ക്കായി വീതം വച്ചു!

ഏറെക്കാലമായി ക്രൈസ്തവ- മുസ്‌ളീം മതപ്രീണനം കോണ്‍ഗ്രസിന്റെ മാത്രം കുത്തകയായിരുന്നു. മുസ്‌ളീം ലീഗിന്റെയും കേരളകോണ്‍ഗ്രസിന്റെയും തടവറയിലായിരുന്നു കോണ്‍ഗ്രസ്. വിദ്യാഭ്യാസ, വ്യവസായ, പൊതുമരാമത്ത്, ധന വകുപ്പുകള്‍ പിടിച്ചുവാങ്ങി വേണ്ടപ്പെട്ടവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ച് കേരളത്തിന്റെ പൊതുസമ്പത്ത് സ്വന്തം മതക്കാര്‍ക്കായി അവര്‍ വീതംവച്ചുനല്‍കി. അതിന്റെ ഉന്നതി ഇരുമതക്കാര്‍ക്കും എല്ലാ രംഗത്തുമുണ്ടായി. പുറമ്പോക്കിലേക്കു പോയത് ഹിന്ദുക്കളായിരുന്നു. ഇടതുഭരണം വരുമ്പോള്‍ മാത്രമാണ് പിന്നാക്ക, പട്ടികവിഭാഗക്കാര്‍ക്ക് എന്തെങ്കിലും പരിഗണന ലഭിച്ചിരുന്നത്. കുറച്ചു നാളായി ആ പരിഗണനയും നഷ്ടമായി. ഇടതുപക്ഷവും ന്യൂനപക്ഷ പ്രീണനം പ്രധാന അജണ്ടയാക്കി. ജീവിതകാലം മുഴുവന്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ അവഗണിച്ച് ഇന്നലെ വന്ന ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് പാര്‍ട്ടി പദവികളില്‍ ഡബിള്‍, ട്രിപ്പിള്‍ പ്രൊമോഷനുകള്‍ നല്‍കി.

നേതൃനിരയിലും സ്ഥാനമാനങ്ങളിലും ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ളീം നാമധാരികള്‍ നിറഞ്ഞു.
പൗരത്വനിയമത്തിനും ഏകസിവില്‍ കോഡിനും എതിരെയും പാലസ്തീന്‍ പ്രക്ഷോഭത്തിലും മുന്നില്‍ നിന്നു പോരാടിയത് സി.പി.എം അണികളാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും ഹൈന്ദവ ബിംബങ്ങളെ അവഹേളിച്ചു. ഹൈന്ദവ സഖാക്കളുടെ മാത്രം മതബോധത്തെ നിഷേധിച്ച് മറ്റുള്ളവരുടേതിനെ പ്രോത്സാഹിപ്പിച്ചു. ഇതെല്ലാം പൊതുജനങ്ങള്‍ക്കും മനസിലായിട്ടുണ്ട്. മുസ്‌ളീം പ്രീണനം അതിരുവിട്ടപ്പോള്‍ ക്രൈസ്തവ അനുഭാവികളും സി.പി.എമ്മിനെ നിരാകരിച്ചു. മലബാറിലെ മുസ്‌ളീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്‌ളീം ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകുറഞ്ഞു. ആലപ്പുഴയിലെ സിറ്റിംഗ് എം.പി ആയിരുന്ന എ.എം. ആരിഫിന് മുസ്‌ളീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മണ്ണഞ്ചേരി മേഖലയില്‍ ലഭിച്ച വോട്ടുകളുടെ കുത്തനെയുള്ള ഇടിവ് മറ്റൊരു സൂചനയാണ്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് നല്ലൊരു ശതമാനം ഇടതുമുന്നണിയെ കൈവിട്ടു. പ്രീണിപ്പിച്ച് വശത്താക്കാന്‍ നോക്കിയ മുസ്‌ളീം സമൂഹത്തിന്റെ വോട്ട് കിട്ടിയതുമില്ലെന്നതാണ് വസ്തുത.

ഇനി എന്ന് തിരിച്ചറിയും

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ എക്കാലത്തെയും ഉറച്ച അടിത്തറ ഈഴവരാദി പിന്നാക്കക്കാരും പട്ടികജാതി, പട്ടികവര്‍ഗക്കാരുമാണ്. അവരായിരുന്നു കുറച്ചുകാലം മുമ്പുവരെ ഈ പാര്‍ട്ടികളുടെ രക്തവും മാംസവും മജ്ജയും മസ്തിഷ്‌കവുമെല്ലാം. പാര്‍ട്ടിക്കു വേണ്ടി ജീവനും ജീവിതവും ത്യജിച്ചവരാണ് ഇക്കൂട്ടര്‍. പാര്‍ട്ടി രക്തസാക്ഷികളുടെ ജാതിക്കണക്കെടുത്താല്‍ ഇത് വ്യക്തമാകും. സവര്‍ണ മേധാവിത്വത്തിനും അനീതികള്‍ക്കുമെതിരെ തങ്ങള്‍ക്കൊപ്പം നിന്ന പാര്‍ട്ടി കുറച്ചുകാലമായി സംഘടിത മുസ്‌ളീം ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നടത്തിവന്ന അതിരുവിട്ട പ്രീണന നയങ്ങള്‍ അവര്‍ മനസിലാക്കിയെന്ന തിരിച്ചറിവാണ് ഇപ്പോഴും പാര്‍ട്ടി നേതൃത്വത്തിന് ഉണ്ടാകാതെ പോകുന്നത്!
യു.ഡി.എഫ് – എല്‍.ഡി.എഫ് എന്ന അച്ചുതണ്ടില്‍ ഇതുവരെ കറങ്ങിയിരുന്ന കേരള രാഷ്ട്രീയത്തിലേക്ക് ബി.ജെ.പിയുടെ ശക്തമായ കടന്നുവരവിന് ഈ പാളിയ തന്ത്രം വഴിയൊരുക്കി. ഇരുമുന്നണികളുടെയും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തില്‍ ആരു ജയിച്ചു, ആരു തോറ്റു എന്ന സംശയം വേണ്ട. തോറ്റത് ഹൈന്ദവരായ പിന്നാക്ക, പട്ടികവിഭാഗങ്ങളാണ്. മതേതരത്വത്തിന്റെ പേരില്‍ ഇവര്‍ കബളിപ്പിക്കപ്പെട്ടു. വേലികെട്ടാനും അടുക്കളപ്പണിക്കും പിന്നാക്കക്കാരും, സദ്യ വിളമ്പുമ്പോള്‍ ഉണ്ണാനിരിക്കാന്‍ ന്യൂനപക്ഷങ്ങളുമെന്നതാണ് കേരളത്തിലെ സ്ഥിതി. ബി.ജെ.പിയും ആ വഴിക്കു നീങ്ങുന്നതിന്റെ ലക്ഷണങ്ങളിലാണ്. പിന്നാക്ക ജനതയെ അവഗണിച്ച് ക്രൈസ്തവ പ്രീണനത്തിന്റെ വഴിയിലേക്കു നീങ്ങിയാല്‍ അവരുടെ കാല്‍ക്കീഴിലെയും മണ്ണ് ഒലിച്ചുപോകുമെന്ന് ഉറപ്പാണ്.

അവര്‍ക്കു വേണ്ടി ഒരുമിക്കുന്നവര്‍.

ശ്രീനാരായണ സര്‍വകലാശാല ഉള്‍പ്പെടെ സംസ്ഥാനത്തെ 14 സര്‍വകലാശാലകളില്‍ വി.സി.മാരെ നിയമിച്ചപ്പോള്‍ ഈഴവ സമുദായം അവഗണിക്കപ്പെട്ടു. പബ്‌ളിക് സര്‍വീസ് കമ്മിഷനിലെ 20 അംഗങ്ങളില്‍ പിന്നാക്കക്കാരുടെ എണ്ണം നാമമാത്രം. അഞ്ചു ദേവസ്വം ബോര്‍ഡുകളിലെ കാര്യവും സമാനമാണ്. ആര്‍. ശങ്കറിനു ശേഷം ഈഴവ സമുദായത്തിന് അനുവദിച്ച എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിരലിലെണ്ണാന്‍ പോലുമില്ല. മുസ്‌ളീം, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്തു. ആദിവാസി ഭൂസംരക്ഷണ നിയമം ഭേദഗതി ചെയ്ത് അവരുടെ അന്യാധീനപ്പെട്ട ഭൂമി കൈയേറ്റക്കാര്‍ക്ക്പതിച്ചു നല്‍കാന്‍ നിയമസഭയില്‍ ഒന്നിച്ചു വോട്ടുചെയ്തവരാണ് ഇടതും വലതും. കൈയേറ്റക്കാര്‍ ആരാണെന്നും ആര്‍ക്കു വേണ്ടിയാണ് ബദ്ധവൈരികള്‍ ഒന്നിച്ചുനിന്നതെന്നും പ്രത്യേകിച്ച് പറയേണ്ടതില്ല. 140 നിയമസഭാംഗങ്ങളില്‍ കെ.ആര്‍.ഗൗരിഅമ്മ മാത്രമാണ് ആ അനീതിയെ എതിര്‍ത്തത്.

സംസ്ഥാനത്തെ ദരിദ്രരിലും പുറമ്പോക്ക്- കോളനി നിവാസികളിലും തൊഴിലുറപ്പുകാരിലും ഹരിതസേനക്കാരിലും ഭൂരിഭാഗവും പിന്നാക്ക, പട്ടിക വിഭാഗക്കാരാണ്. സംസ്ഥാനത്തിന്റെ പ്‌ളാന്‍ ഫണ്ടില്‍ ഒരു ശതമാനം പോലും പിന്നാക്ക സമുദായക്ഷേമ വകുപ്പിന് നീക്കിവച്ചിട്ടില്ല. സംഘടിതരല്ലാത്തതും വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇറങ്ങാത്തതുമാണ് അവരുടെ ശാപം. ഇടതുപക്ഷവും അവഗണിക്കുകയാണെന്ന പിന്നാക്ക, പട്ടിക വിഭാഗക്കാരുടെ തിരിച്ചറിവിന്റെ പ്രതിഫലനമാണ് ഇത്തവണയും 20-ല്‍ ഒരു സീറ്റിലേക്ക്, അതും സംവരണ സീറ്റിലെ ജയത്തിലേക്കു മാത്രം ഇടതുമുന്നണിയെ ഒതുക്കിയത്. ഈ തിരിച്ചറിവ് ഇടതുമുന്നണിക്കും സി.പി.എമ്മിനും ഉണ്ടായാല്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകും. പ്രീണന രാഷ്ട്രീയം ഉപേക്ഷിക്കണമെന്നേയുള്ളൂ.
തിരിച്ചുവരാന്‍ സമയമുണ്ട്.

കേരളത്തിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം അന്തിമവാക്കൊന്നുമല്ല. ഈ തോല്‍വി കണ്ട് ആരും ആഹ്‌ളാദിക്കേണ്ട. ഇതിന്റെ പേരില്‍ ഇടതുപക്ഷത്തെ എഴുതിത്തള്ളാനുമാകില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഒരു സീറ്റായിരുന്നു ഇടതുമുന്നണിക്ക്. പിന്നാലെ അസംബ്‌ളി തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയവും നേടി. എക്കാലത്തും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു തന്നെയാണ് മേല്‍ക്കൈ പതിവ്. ദേശീയതലത്തില്‍ ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന ചിന്താഗതിയും ഇപ്പോഴത്തെ തിരിച്ചടിക്ക് ഒരു കാരണമായിട്ടുണ്ടാകാം. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിനെ ഈ ഫലംകൊണ്ട് വിലയിരുത്തേണ്ടതുമില്ല.

ഇക്കുറി ബി.ജെ.പി. ശക്തമായ നിലയിലെത്തിയെന്ന വ്യത്യാസമുണ്ടെങ്കിലും ഇടതുമുന്നണിക്ക് തിരിച്ചുവരവിന് സമയമുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കുക എന്ന ഒറ്റമൂലിയാണ് ഏക ഔഷധം. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി ഇനിയും മുന്നോട്ടു പോകുകയാണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സി.പി.എമ്മും ഇടതുമുന്നണിയും ഇതു മനസിലാക്കിയാല്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റായി അവരുടെ പക്കലുണ്ടാകും. ഇല്ലെങ്കില്‍ കരുവന്നൂര്‍ ബാങ്കിന്റെ അവസ്ഥയിലുമാകും.