തൃക്കാക്കരയില്‍ സഭയാണ് താരം, കേരളത്തില്‍ ലൗ ജിഹാദും മതപരിവര്‍ത്തനവുമുണ്ട് : വെള്ളാപ്പള്ളി നടേശന്‍

തൃക്കാക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളല്ല ക്രൈസ്തവ സഭയാണ് താരമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ട്. കുടുംബത്തോടെ മതപരിവര്‍ത്തനം നടക്കുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കാര്യമായി തന്നെ മതപരിവര്‍ത്തനം നടക്കുന്നുണ്ട്. മതപരിവര്‍ത്തനത്തിലൂടെ ഒറ്റമത മാത്രം ആയ സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. അത് തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞടുപ്പില്‍ നൂറ് ശതമാനം വിജയം ഉറപ്പാണ്. ട്വന്റി ട്വന്റിയും ആം ആദ്മിയും മത്സരിക്കാത്തത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.