ബലാത്സംഗകേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കനത്ത പ്രതിഷേധം. ഡിവൈഎഫ്‌ഐയുടെയും ബിജെപി യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലീസും പ്രവര്‍ത്തകരുമായി കയ്യാങ്കാളിയും ഉണ്ടായി. പത്തനംതിട്ട എആര്‍ ക്യാംപിലെ ചോദ്യം ചെയ്യലിനു ശേഷം വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡിവൈഎഫ്‌ഐ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഏറെ ബുദ്ധിമുട്ടിയാണ് രാഹുലിനെ ജീപ്പില്‍നിന്ന് പുറത്തിറക്കാന്‍ പോലീസിനായത്. രാഹുലിനെ ജീപ്പില്‍ നിന്നിറക്കിയപ്പോള്‍ കൂക്കിവിളിയും കരിങ്കൊടി പ്രതിഷേധവും ഉണ്ടായി. സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നു.
രാഹുല്‍ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി. പത്തനംതിട്ട തിരുവല്ല സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പാലക്കാട്ടുനിന്ന് രാഹുലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കും.
അതേസമയം യുവതിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നെന്നും ഗര്‍ഭച്ഛിദ്രത്തിന് യുവതിയെ നിര്‍ബന്ധിച്ചിട്ടില്ലെന്നും രാഹുല്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണ് വിവരം. രാഹുലിനെതിരേ ഉയര്‍ന്ന മൂന്നാമത്തെ ബലത്സംഗപരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതിമുന്‍കൂര്‍ ജനുവരി 21വരെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Read more
അതേസമയം രാഹുലിനെതിരെ കടുത്ത നടപടിക്ക് നിയമസഭ ഒരുങ്ങുന്നതായി സൂചന. അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടന്‍ തേടുമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീക്കര്‍ അറിയിച്ചു. ”പ്രിവിലേജ് കമ്മിറ്റിക്ക് വിഷയം അയക്കും. അയോഗ്യനാക്കണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ച്ചയായ പരാതികള്‍ രാഹുലിനെതിരെ വരുന്നത് ഗൗരവതരമാണ്. അറസ്റ്റിന്റെ വിശദാംശങ്ങള്‍ നിയമസഭയെ അറിയിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.







