വീണ വിജയന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണം; എക്‌സാലോജിക്കിന്റെ വരുമാനം സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയ പണം മാത്രം; കൂടുതല്‍ ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐഒയ്ക്ക് കത്തുനല്‍കി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്. സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നാണ് കേസിലെ പരാതിക്കാരന്‍ കൂടിയായ ഷോണ്‍ ജോര്‍ജ്ജിന്റെ ആവശ്യം.

കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ പങ്ക് വ്യക്തമാണ്. അതിനാല്‍ സിഎംആര്‍എല്ലിന്റെയും- മുഖ്യമന്ത്രിയുടെ മകളുടെയും സ്വത്ത് കണ്ടുകെട്ടി പണം ഷെയര്‍ ഹോള്‍ഡേഴ്‌സിന് തിരികെ നല്‍കണമെന്നാണ് ഷോണിന്റെ ആവശ്യം. രാഷ്ട്രീയക്കാരില്‍ നിന്നും സിഎംആര്‍എല്ലിന് എന്ത് ലാഭം കിട്ടിയെന്നതില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ഷോണ്‍ വ്യക്തമാക്കി.

പണം കൈപ്പറ്റിയത് കരിമണല്‍ കൊള്ളയ്ക്ക് വേണ്ടി മാത്രമാണ്. മാസപ്പടി വിവാദത്തിലെ അന്വേഷണം ഒരു ഘട്ടം പൂര്‍ത്തിയായി എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് ലഭിച്ചു. എസ്എഫ്‌ഐഒ 282 കോടിയുടെ അഴിമതി കണ്ടെത്തിയിട്ടുണ്ട്. 2.8കോടി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ലഭിച്ചതാണെന്നും ഷോണ്‍ പറഞ്ഞു.

334 കോടി രൂപ സിഎംആര്‍എല്‍ പലര്‍ക്കായി വിതരണം ചെയ്തതായി പിടിച്ചെടുത്ത ഡയറിയില്‍ നിന്ന് കണ്ടെത്തി. ഇഡിയ്ക്ക് അനുബന്ധ രേഖകള്‍ ലഭിച്ചില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കും. 2016 മുതല്‍ എക്‌സാലോജിക് കമ്പനിയുടെ പ്രധാന വരുമാനം സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയ പണമാണെന്നും ഷോണ്‍ ആരോപിച്ചു.

8 സ്ഥാപനങ്ങളില്‍ നിന്ന് വീണയുട കമ്പനി പണം വാങ്ങിയിട്ടുണ്ട്. എക്‌സാലോജിക് സേവനം നല്‍കിയിത് സ്‌കൂളുകള്‍ക്ക്. പണം കൈപ്പറ്റിയത് കരിമണല്‍ കൊള്ളയ്ക്ക് വേണ്ടി മാത്രമാണ്. പണം മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.

Read more