'വീണ വിജയൻ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപ, നഷ്ടത്തിലായിരുന്ന എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനി'; എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട്

മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ ടി, ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപയാണെന്ന് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എക്സാലോജിക് പ്രവർത്തിച്ചത് നഷ്ടത്തിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രമുഖ മാധ്യമം പുറത്ത് വിട്ട റിപ്പോർട്ടിൽ എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനിയായിരുന്നുവെന്നും പറയുന്നു. സിഎംആർഎല്ലിന് സേവനം നൽകിയതിന്റെ ഒരു രേഖ പോലും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞില്ല. വീണയ്ക്ക് മാസം അഞ്ച് ലക്ഷം രൂപ. വീണയുടെ കമ്പനി എക്സാലോജിക്കിന് മൂന്ന് ലക്ഷം. മാസം എട്ട് ലക്ഷം. ഒരു വർഷം 96 ലക്ഷം. ആകെ രണ്ട് കോടി 78 ലക്ഷം രൂപയാണ് കരിമണൽ കമ്പനിയിൽ നിന്ന് വീണ ടി കൈപ്പറ്റിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയായിരുന്നു പണം നൽകൽ.

Read more

2019 ജനുവരിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1 കോടി 72 ലക്ഷം രൂപ വീണയ്ക്ക് നൽകിയെന്നായിരുന്നു കണ്ടെത്തിയത്. എന്നാൽ ഇൻകം ടാക്സ് റെയ്ഡിന് ശേഷവും കരിമണൽ കമ്പനിയിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയത്. കരിമണൽ കമ്പനി സിഎംആർഎൽ മാത്രമായിരുന്നു എക്സാലോജിക്കിന്റെ പ്രധാന ക്ലൈന്റും വരുമാനമാർഗവും. എക്സാലോജിക്കുമായുളള ഇടപാട് അവസാനിച്ചതിന് ശേഷം സിഎംആർഎൽ ഐടി സേവനങ്ങൾക്കായി എറ്റിഎൻഎ ടെക്നോളജീസ് എന്ന കമ്പനിയുമായി കരാറുണ്ടാക്കിയതായും റിപ്പോർട്ടിലുണ്ട്.