വേടന്റെ പാട്ട് ഉൾപ്പെടുത്തിയ കാലിക്കറ്റ് സർവകലാശാല സിലബസിനെതിരെയുള്ള എംഎം ബഷീറിന്റെ റിപ്പോർട്ടിനെ കുറിച്ച് സർവാകലാശാല ഒരു അറിയിപ്പും തന്നിട്ടില്ലെന്ന് മലയാളം യുജി ബോർഡ് ചെയർമാൻ എംഎസ് അജിത്. ബിഎ മൂന്നാം സെമസ്റ്റർ സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തുമെന്നും തീരുമാനവുമായി മുന്നോട്ട് പോകുമെന്നും എംഎസ് അജിത് പറയുന്നു.
സിലബസിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ഭാഷാ വിഭാഗം ഡീനും പിന്നീട് അക്കാദമിക് കൗൺസിലും പഠിച്ച് തിരുത്തുകയാണ് ചെയ്യേണ്ടത്. അതാണ് സർവകലാശാല ആക്ടിലും സ്റ്റാറ്റ്യൂട്ടിലും പറയുന്നത്. പുറത്ത് നിന്ന് ഒരാൾക്കും പരാതിയെക്കുറിച്ച് പഠിക്കാനാകില്ല. അതിന് നിയമസാധുതയില്ല. വൈസ് ചാൻസലർ അംഗീകരിച്ച സിലബസ് ആണ് മലയാളം യുജി ബോർഡിന്റേത് എന്നും അജിത് ‘റിപ്പോർട്ടർ’ ചാനലിനോട് പറഞ്ഞു.
സർവകലാശാല ബിഎ മൂന്നാം സെമസ്റ്റർ മലയാളം സിലബസിൽ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കാനായിരുന്നു വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ സിൻഡിക്കേറ്റിലെ ബിജെപി അംഗം എകെ അനുരാജ് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ചാൻസലറുടെ നിർദേശ പ്രകാരം വിസി ഡോ. പി രവീന്ദ്രൻ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
Read more
മലയാളം വിഭാഗം മുൻ മേധാവി ഡോ. എംഎം ബഷീർ ആണ് പഠനം നടത്തി വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തത്. ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ബിഎ മലയാളം പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളിൽ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തത്.