വീണ ജോര്‍ജിന്റേത് വെറും അഭിനയം മാത്രമെന്ന് വി ഡി സതീശന്‍; കെഎസ്‌യുക്കാര്‍ മന്ത്രിയുടെ സമീപത്ത് പോലുമെത്തിയില്ല; 'മന്ത്രിയുടെ കഴുത്തും കയ്യും പിടിച്ചുതിരിച്ചുവെന്ന പച്ചക്കളം പ്രചരിപ്പിച്ച എം വി ഗോവിന്ദനെതിരെ കേസെടുക്കണം'

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . വീണാ ജോര്‍ജ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും അഭിനയം മാത്രമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ല. റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അക്രമം നടന്നതിനു യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിയുടെ കൈയ്യിലുണ്ടെന്ന് പറയുന്ന പരുക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാം. സംഭവത്തിനു ദൃക്‌സാക്ഷിയല്ലാത്ത സ്പീക്കര്‍ ഇത്തരമൊരു ഗൂഢാലോചനയില്‍ പങ്കാളിയാകാന്‍ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിക്കുകയും അതിന്റെ പുറകില്‍ സംസ്ഥാനത്തൊന്നടങ്കം വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കറിയാം, റെയില്‍വെ പൊലീസിനറിയാം, പൊലീസിനറിയാം, ദൃക്‌സാക്ഷികള്‍ക്കറിയാം മന്ത്രിയുടെ അടുത്തുപോലും ഈ പ്രകടനക്കാര്‍ എത്തിയിട്ടില്ല. നാല് പേരോ അഞ്ച് പേരോ ആണ് ആകെയുണ്ടായിരുന്നത്. അവരെ അപ്പോള്‍ തന്നെ പൊലീസ് വളഞ്ഞു കൊണ്ടുപോയി. ആരോഗ്യമന്ത്രിയുടെ സമീപത്തേക്ക് പ്രതിഷേധക്കാരാരും പോയിട്ടില്ല. അവരാണ് ക്രുദ്ധയായി വെല്ലുവിളിച്ചുകൊണ്ട് ഓടിയത്. സത്യത്തില്‍ അവിടെയൊരു പിടിവലി ഉണ്ടായത് പൊലീസും ആരോഗ്യമന്ത്രിയും തമ്മിലാണ്. ആരോഗ്യമന്ത്രി ഈ കെഎസ് യുക്കാരുടെ അടുത്തേക്ക് പാഞ്ഞുപോകുന്നത് തടയാന്‍ ശ്രമിച്ചത് പൊലീസാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന വനിത പൊലീസ് ഓഫീസറും മറ്റ് പൊലീസുകാരം വളരെ പണിപ്പെട്ടിട്ടാണ്- ശ്രമിച്ചിട്ടാണ് ആരോഗ്യമന്ത്രിയുടെ രോഷം അടക്കിയത്. ഇതിന്റെയെല്ലാം വിഷ്യല്‍ തെളിവുകള്‍ എല്ലാവരുടേയും കയ്യിലുണ്ട്.

മന്ത്രിയുടെ കഴുത്തും കൈയും കെ.എസ്.യു പ്രവര്‍ത്തകര്‍ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. ഇതിനെതിരെ കേസെടുക്കണം. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് റിമാന്‍ഡ് ചെയ്തത് തെറ്റായ നടപടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാരിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

ആരോഗ്യമേഖലയിലെ തകര്‍ച്ചയും സര്‍ക്കാരിനെതിരായ ജനവികാരവും മറച്ചുവെക്കാനാണ് ഇത്തരമൊരു നാടകം ആസൂത്രണംചെയ്തതെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പ്ലാറ്റ്ഫോമിലൂടെ സാധാരണ രീതിയില്‍ നടന്നുപോയ മന്ത്രി പിന്നീട് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിക്കപ്പെട്ടതും ഗൗരവകരമായ പരിക്കുകളില്ലെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നതും ഈ നാടകത്തിന്റെ തെളിവാണെന്ന് അലോഷ്യസ് സേവ്യര്‍ ചൂണ്ടിക്കാട്ടി. കയ്യിലുണ്ടായിരുന്ന കരിങ്കൊടിയുടെ ഒരു നൂലിഴ പോലും മന്ത്രിയുടെ ദേഹത്ത് തട്ടിയിട്ടില്ലെന്നും കരിങ്കൊടി മാരകായുധമാണോ എന്ന് പൊലീസ് വ്യക്തമാക്കണമെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ പ്രസ്താവനകളില്‍ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കൊല്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രി വീണാ ജോര്‍ജിനു നേരെ ചാടിവീണുവെന്നാണ് എഫ്‌ഐആര്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പൊലീസാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരന്‍ കൊല്ലം കൊട്ടാരക്കര താമരക്കാടി അനീഷ് ഭവനില്‍ എം.എസ്. അഭിലാഷിന്റെ പരാതിയില്‍ കേസെടുത്തത്.

മന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് വാസ്തവവിരുദ്ധമായ ഒരു കാര്യമാണെന്നും ഡിസിസി ഓഫീസ് ആക്രമിച്ചത് കണ്ണൂര്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ അറിവോടെയാണെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. ആരോഗ്യവകുപ്പിനെതിരെയും സര്‍ക്കാരിനെതിരെയും ഉയരുന്ന ശക്തമായ പ്രതിഷേധത്തെ തടയുന്നതിനായി കെട്ടിച്ചമച്ച കള്ള പ്രചരണമാണിതെന്നും അത് ജനങ്ങള്‍ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.