തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാരിന്റെ ഡേറ്റ മോഷണം, നിയമപരമായി നേരിടുമെന്ന് വി ഡി സതീശന്‍; 'ജീവനക്കാരുടെ ശമ്പളം നല്‍കുന്ന സ്പാര്‍ക്കില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യല്‍ മീഡിയ വിഭാഗം ഡേറ്റ മോഷ്ടിച്ചു'

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക സംവിധാനങ്ങളെ മുഴുവന്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതിന്റെ ഭാഗമായാണ് ഡാറ്റാ മോഷണമടക്കം നടന്നതെന്നും സര്‍ക്കാരിന്റെ ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വിഡി സതീഷന്‍ പറഞ്ഞു. അദ്ദേഹം ഇടുക്കിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിന്റെ ഡേറ്റ മോഷണത്തെ കുറിച്ച് വി ഡി സതീശന്റെ ആരോപണം.

ജീവനക്കാരുടെ ശമ്പളം നല്‍കുന്ന സ്പാര്‍ക്കില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യല്‍ മീഡിയ വിഭാഗമാണ് ഡാറ്റാ മോഷണം നടത്തിയിരിക്കുന്നതെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടെ വാട്സാപ്പില്‍ മുഖ്യമന്ത്രിയുടെ മെസ്സേജ് വന്നതിനേ രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു. ഇത് ഡാറ്റാ പ്രൈവസി ലംഘനമാണെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. മുഖ്യമന്ത്രിക്കെതിരെ കേസെടുത്തു അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. ഇങ്ങനെ ജീവനക്കാര്‍ക്ക് മെസ്സേജ് അയക്കുന്നത് പാപ്പരത്തമാണ്. ചീഫ് സെക്രട്ടറി ഇത്രയും തരംതാഴരുതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമപരമായി നേരിടുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

നവകേരള സര്‍വേയ്ക്ക് ഹൈക്കോടതി തടയിട്ടതും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. നവകേരള സര്‍വേയ്ക്ക് ഡിവൈഎഫ്‌ഐക്കാര്‍ വൊളന്റിയര്‍മാരാകണമെന്ന് പാര്‍ട്ടിയാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഇതിനുശേഷം ഇവര്‍ക്ക് പണംനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് ചെയ്യിക്കാനുള്ള ശ്രമം കോടതി തടഞ്ഞുവെന്ന് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ട്രൈബല്‍ കോളനികളില്‍ പോയി വിവരിച്ചു കൊടുക്കണമെന്നാണ് പല ജില്ലകളിലേയും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത്തരത്തില്‍ ഔദ്യോഗിക സംവിധാനങ്ങളെ മുഴുവന്‍ ദുരുപയോഗം ചെയ്തുകൊണ്ട് വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് സര്‍ക്കാര്‍. കോടികളാണ് ഇതിനായി പിആര്‍ഡി മുടക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തിലും വിഡി സതീശന്‍ രൂക്ഷമായി പ്രതികരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളില്‍ മന്ത്രി നടത്തിയ അന്വേഷണവും ഉത്തരവുകളും അന്വേഷണ റിപ്പോര്‍ട്ടുകളും കൂടി ക്രോഡീകരിച്ചാല്‍ അതിന്റെ വോള്യംസ് വെക്കാന്‍ ഒരു വലിയ ഹാള്‍ പണിയേണ്ടിവരും. സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ട സംഭവങ്ങളാണ്. എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.