നർക്കോട്ടിക് ജിഹാദ് പരാമർശം; സർക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചില്ല, കോൺ​ഗ്രസ് ഇടപെട്ട ശേഷം വിവാദത്തിന് അയവുണ്ടായെന്ന് വി ഡി സതീശൻ

പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശ വിഷയത്തിൽ കെപിസിസി പ്രസിഡന്റും താനും ചേർന്ന് സംഘർഷത്തിന് അയവ് വരുത്തനാണ് ശ്രമിച്ചത് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.  സർക്കാർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കണം. സർക്കാർ ചർച്ചക്ക് തയ്യാറാവാത്തതിനാലാണ് പ്രതിപക്ഷം നേതാക്കളെ കണ്ടത് എന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാർ സമവായ ശ്രമം തുടങ്ങിയാൽ പ്രതിപക്ഷം പൂർണമായി സഹകരിക്കുമെന്നും സതീശൻ വ്യക്തമാക്കി.

വിവാദത്തിൽ സർക്കാർ ചെയ്യേണ്ട കടമ ചെയ്തില്ല. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചില്ല. സർക്കാർ ചർച്ചക്ക് തയാറാകാത്തതിനാലാണ് പ്രതിപക്ഷം സാമുദായിക നേതാക്കളെ കണ്ടത്. എല്ലാവരെയും ഒരു മേശക്ക് ചുറ്റും ഇരുത്തി പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും സതീശൻ പറഞ്ഞു.

സിപിഎം പല അഭിപ്രായങ്ങളാണ് പാല ബിഷപ്പിന്റെ പ്രസ്താവനയിൽ നടത്തിയത്. വിഷയത്തിൽ സംഘപരിവാർ അജണ്ടയുണ്ട്. അതിലൂടെ മുതലെടുപ്പിനായി പലരും ശ്രമിക്കുന്നു. മന്ത്രി വി എൻ വാസവൻ ബിഷപ്പിനെ സന്ദർശിച്ചത് തെറ്റല്ല. സംഘർഷത്തിന് അയവ് വരുത്തണം. സർക്കാർ പക്ഷം പിടിക്കരുതെന്നും സതീശൻ ആവശ്യപ്പെട്ടു.

സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം തടയാനാകുമായിരുന്നു. കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടും വിദ്വേഷ പ്രചാരണം സർക്കാർ തടഞ്ഞില്ല. സംഘർഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ പ്രകടനമോ ചർച്ചകളോ സമൂഹ മാധ്യമങ്ങളിൽ ഉണ്ടാകരുതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

വിവാദത്തിൽ സംഘ്പരിവാർ അജണ്ട‍യുണ്ടെന്ന് കോൺഗ്രസ് മുൻകൂട്ടി പറഞ്ഞിരുന്നു. ഒരു ഭാഗത്ത് പ്രശ്നമുണ്ടാകുമ്പോൾ അത് വഷളാകാൻ വേണ്ടി മറുഭാഗത്ത് കാത്തിരിക്കുന്ന ആളുകളും ഉണ്ട്. ബിഷപ്പ് പറഞ്ഞത് വീണുകിട്ടിയത് പോലെ ആഘോഷമാക്കാൻ കാത്തിരിക്കുന്നവരുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.