താനും കെപിസിസി പ്രസിഡന്റും പറയുന്നതാണ് പാര്‍ട്ടി നിലപാട്, ചെന്നിത്തലയ്ക്ക് അഭിപ്രായം പറയാമെന്ന് വിഡി സതീശന്‍

ഡി ലിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡി ലിറ്റില്‍ കോണ്‍ഗ്രസിന് ഒറ്റ അഭിപ്രായം ഉള്ളൂവെന്ന് സതീശന്‍ പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവും, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ ചെന്നിത്തലയ്ക്ക് അഭിപ്രായം പറയാം. എന്നാല്‍ പ്രതിപക്ഷ നേതാവും, കെപിസിസി പ്രസിഡന്റും പറയുന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് സതീശന്‍ പറഞ്ഞു.

ഡി ലിറ്റ് വിവാദത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത ഇല്ല. വിഷയത്തില്‍ ചെന്നിത്തല അഭിപ്രായം പറയരുതെന്ന് പറയാനാവില്ല. ഏകീകൃതമായ അഭിപ്രായമാണ് താന്‍ വ്യക്തമാക്കിയത്. അത് തന്നെയാണ് കെപിസിസി പ്രസിഡന്റും പറഞ്ഞത്. കോണ്‍ഗ്രസിന്റെ അഭിപ്രായം അത് തന്നെയാണ്. നേതാക്കളുമായി ചര്‍ച്ച നടത്തി തന്നെയാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യം ചെയ്തുവെന്ന് ഗവര്‍ണ്ണര്‍ സമ്മതിച്ചിട്ടുണ്ട്. കണ്ണൂര്‍ വിസി നിയമനം നിയമവിരുദ്ധമെങ്കില്‍ പുറത്താക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണം. ഗവര്‍ണ്ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് സതീശന്‍ വ്യക്തമാക്കി. പ്രസിഡന്റിന് ഡി ലിറ്റ് നല്‍കണമെന്നത് ഗവര്‍ണര്‍ വിസിയുടെ ചെവിയില്‍ പറയേണ്ട കാര്യമല്ലെന്നും, ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാ പോയ കോടാലിയായ സുരേന്ദ്രന്റെ മെഗഫോണല്ല പ്രതിപക്ഷ നേതാവെന്നും സതീശന്‍ പ്രതികരിച്ചു.

Read more

അതേസമയം കോവളത്ത് വിദേശ പൗരനോട് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്പിമാര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ കീഴിലാണെന്നും ലൈന്‍ ഓഫ് കണ്‍ട്രോള്‍ നഷ്ടമായെന്നും സതീശന്‍ പറഞ്ഞു. പൊലീസിനെ ഭയന്ന് സ്ത്രീകള്‍ക്ക് സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും, ഉത്തരവാദിത്തം സര്‍ക്കാരിനും പാര്‍ട്ടിക്കുമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.