കോൺഗ്രസ് വിട്ട് ആര് പോയാലും  ഒരു ചുക്കും സംഭവിക്കില്ല; അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയതെന്ന് വി.ഡി സതീശൻ

കോൺഗ്രസ് വിട്ട് ആര് പോയാലും  ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ. കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു. പാർട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ലെന്നും സതീശൻ പറഞ്ഞു

അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്ന പാഠമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾക്കൂട്ടമായി കോൺഗ്രസ് മാറരുതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് പോകുന്നത് പുതിയൊരു കാര്യമല്ല. കോൺഗ്രസ് പ്രസിഡന്റ് 14 ഡിസിസി അദ്ധ്യക്ഷൻമാരെ പ്രഖ്യാപിക്കുന്ന സമയത്ത് അവർക്കെതിരെ അനിൽ കുമാർ നടത്തിയ ആരോപണം അംഗീകരിക്കാനാവില്ല. ഒരുപാട് അവസരങ്ങൾ കിട്ടയവരാണ് പാർട്ടി വിട്ടുപോയ രണ്ടു പേരും. ഡിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുത്ത നിമിഷം മുഴുവൻ പേരും പെട്ടി തൂക്കി വന്നവരാണെന്ന് അപമാനിച്ചു. അതിന് വിശദീകരണം ചോദിച്ചപ്പോൾ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചത്.

അച്ചടക്ക നടപടി സ്വീകരിച്ചത് കെ.പി.സി.സി അദ്ധ്യക്ഷനാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.