അന്ന് നാടുകടത്തൽ, ഇന്ന് വിചിത്രമായ യാത്രയയപ്പ്; മുഖ്യന്ത്രിയെ വിമർശിച്ച് വി.ഡി സതീശൻ

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തിയ യാത്രയയപ്പിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇത് ഒരു വിചിത്ര സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും നാലഞ്ചു മന്ത്രിമാരും ഫൈവ്സ്റ്റാർ ഹോട്ടലിൽ രഹസ്യമായി യാത്രയയപ്പ് നൽകേണ്ട സ്ഥാനമല്ല ചീഫ് ജസ്റ്റിസിന്റേതെന്നും ഇത് പുതിയ സംവിധാനമാണെന്നും സതീശൻ പറഞ്ഞു.

കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഇപ്പോഴെങ്കിലും ആദരവ് തോന്നിയത് വലിയ കാര്യമാണ്. പണ്ട് ലാവലിന്‍ കേസില്‍ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസിനെ വളരെ മോശപ്പെട്ട രീതിയിലാണ് യാത്രയാക്കിയത്. എസ്എഫ്‌ഐക്കാരേയും ഡിവൈഎഫ്‌ഐക്കാരേയും ഹൈക്കോടതിയുടെ മുമ്പിലേക്കയച്ച് പ്രകടനം നടത്തിച്ച് നാടുകടത്തുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് കോവളം ലീലഹോട്ടലിലായിരുന്നു ചീഫ് ജസ്റ്റിസിനു യാത്രയയപ്പ് നല്‍കിയത്. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവരും പങ്കെടുത്തു. ചീഫ് ജസ്റ്റിസിനു പുറമേ, മുഖ്യമന്ത്രിയും ചടങ്ങിനെത്തിയത് കുടുംബസമേതമായിരുന്നു.ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ 23നാണ് വിരമിക്കുന്നത്.