ഓര്‍മ്മശക്തിയും സംസാരശേഷിയും വീണ്ടെടുത്തു, വിഷം ശരീരത്തിൽ നിന്നും പൂര്‍ണമായും മാറി

പാമ്പുകടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഇതേ തുടര്‍ന്ന് വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റി. സുരേഷിന്റെ ശരീരത്തില്‍നിന്നും വിഷം പൂര്‍ണമായും മാറി. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് ഇപ്പോഴുള്ളത്.

സുരേഷ് ഓര്‍മശക്തിയും സംസാരശേഷിയും വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്നലെ കിടക്കയില്‍ എഴുന്നേറ്റിരിക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മുറിക്കകത്ത് കൂടി നടക്കുകയും ചെയ്തു.

തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുകയാണ്. ഹൃദയത്തിന്റെയും ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം സാധാരണനിലയില്‍ ആയതിനാല്‍ ഇനി ആശങ്കയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാനുള്ള മരുന്ന് മാത്രമാണ് നിലവില്‍ നല്‍കുന്നത്. രണ്ട് ദിവസം കൂടി മുറിയില്‍ കിടത്തി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും.