വിമത വൈദികരും പ്രതിഷേധക്കാരും സഭയുടെ പുറത്തേക്ക്; വത്തിക്കാന്റെ നിര്‍ദേശത്തില്‍ ലിസ്റ്റ് എടുത്തു; അച്ചടക്ക നടപടി ഉടന്‍; ബോസ്‌കോ പുത്തൂര്‍ മാര്‍പ്പാപ്പയെ കാണും

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ പൊട്ടിത്തെറിയിലേക്ക്. മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാത്ത വിമതര്‍ക്കെതിരെ കര്‍ശ നടപടി എടുക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുര്‍ബാന ഏകീകരണത്തില്‍ അതിരൂപത ഫെറോനകളോട് റിപ്പോര്‍ട്ട് തേടി.

അതിരൂപതയില്‍ ഏതെല്ലാം പള്ളികളില്‍ ക്രിസ്മസ് ദിനം മുതല്‍ ഏകീകൃത കുര്‍ബാന ആരംഭിച്ചു എന്നതില്‍ കൃത്യമായ കണക്ക് നല്‍കണമെന്ന് വത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കീകൃത കുര്‍ബാന അര്‍പ്പണത്തിന്റെ കണക്ക് എടുക്കാന്‍ വത്തിക്കാന്‍ അപ്പസ്തോലീക്ക് അഡ്മിനിസ്ടേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരിന് തീരുമാനിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് തയാറാക്കാനുള്ള സര്‍വേ നടപടികള്‍ അതിരൂപത ക്യൂരിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിരൂപത വികാരി ജനറല്‍ വര്‍ഗീസ് പൊട്ടക്കന്‍, ചാന്‍സിലര്‍ മാര്‍ട്ടിന്‍ കല്ലിങ്കല്‍ എന്നിവരാണ് സര്‍വേ നടപടികള്‍ നടത്തുന്നത്. ഇതിനായുള പ്രത്യേക ഫോമുകള്‍ ഓരോ പള്ളികളിലും എത്തിച്ചു. വികാരിമാര്‍ മറ്റാരെയും അറിയിക്കാതെ ഫോമുകള്‍ പൂരിപ്പിച്ച് വാട്ട്സാപ്പ് നമ്പറില്‍ അയയ്ക്കാനാണ് നിര്‍ദ്ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി മുഖേനേ മാര്‍പാപ്പാക്കും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന് നാളയോ മറ്റന്നാളോ സമര്‍പ്പിക്കും. വത്തിക്കാന്റെ നിര്‍ദേശം അനുസരിക്കാത്ത വൈദികരെ സഭയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഇങ്ങനെ വൈദികരെ പുറത്താക്കുന്ന പള്ളികളിലേക്ക് പുതിയ വൈദികരെ നിയോഗിക്കും. ഇതിനുള്ള നടപടികള്‍ സഭാ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. പള്ളികളില്‍ സമരം അടക്കമുള്ള നടത്തുന്ന വിമതരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാനും ഇവരെയും സഭയുടെ പുറത്താക്കാനുമുള്ള നിര്‍ദേശം ഉണ്ടാകുമെന്നാണ് അറിയുന്നത്.

അടുത്ത ആഴ്ചയാണ് ഇതു സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം ഉണ്ടാകുക. അതിന് മുന്നോടിയായി അപ്പസ്തോലിക്ക് അഡ്മിനിസ്ടേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ വത്തിക്കാനിത്തി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തും. അതിരൂപതക്കായുള്ള പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസിലും കൂടികാഴ്ചയില്‍ പങ്കെടുക്കും. തുടര്‍ന്നായിരിക്കും വത്തിക്കാന അച്ചടക്ക നടപടികള്‍ പ്രഖ്യാപിക്കുക. സിനഡിന് ശേഷം ജനുവരിയില്‍ എല്ലാ പള്ളികളും തുറക്കാനും തീരുമാനമായിട്ടുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപത 2023 ലെ പറവിപെരുന്നാളിന് എല്ലാ പള്ളികളിലും ഏകീകത കുര്‍ബാന നടപ്പിലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദേശിച്ചിരുന്നു. പിശാച് നിങ്ങളെ ഒരു വിഘടിത വിഭാഗമായി മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ സഭയാണ് വിഘടന വിഭാഗമാക്കരുത്. സഭാഐക്യം ഉറപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഇടയന്‍മാര്‍ സഭയ്ക്ക് പുറത്തുപോകേണ്ട നിര്‍ബന്ധിത സാഹചര്യം സഷ്ടിക്കരുത്.

സഭയുടെ തീരുമാനം അനുസരിക്കാതെ വന്നാല്‍ വേദനയോടെയെങ്കിലും നടപടികള്‍ സ്വീകരിക്കേണ്ടിവരും. അതിലേക്ക് എത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ, പിറവിത്തിരുന്നാളില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും എകീകൃത കുര്‍ബാന നടത്തണം. ദയവായി ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് നിങ്ങള്‍ തുടരരുത്. സഭയില്‍ നിന്ന് സ്വയം വേര്‍പെടരുതെന്നും മാര്‍പ്പാപ്പ പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നു.

മാര്‍പാപ്പയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനത്തുനിന്ന് രാജിവച്ചതിന് പിന്നാലെയാണ് അദേഹം വീഡിയോ പുറത്തുവിട്ടത്. . ആരാധനക്രമ തര്‍ക്കത്തില്‍ കര്‍ശന നടപടി എടുക്കാത്തതിനെ തുടര്‍ന്ന് കര്‍ദിനാളിനോട് വത്തിക്കാന്‍ നേരത്തെ വിശദീകരണം തേടിയിരുന്നു. സഭാ തര്‍ക്കത്തില്‍ നേരിട്ട് ഇടപെടാനാണ് വത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജോര്‍ജ് ആലഞ്ചേരി രാജിവെച്ച ഒഴിവിലേക്ക് വത്തിക്കാന്‍ കര്‍ശന നടപടി എടുക്കുന്ന ബിഷപ്പിനെയാണ് നിയോഗിക്കുക.