വാറ്റ് തിരികെ വരുന്നു; ചെറുകിട മദ്യനിര്‍മ്മാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

കാര്‍ഷികമേഖലയുടെ ഉന്നമനത്തിന് വേണ്ടിയും വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടും പഴങ്ങളില്‍ നിന്നും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വൈനും മറ്റ് ചെറു ലഹരി പാനീയങ്ങളും നിര്‍മ്മിക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ കെ എന്‍ ബാലഗോപാല്‍. ഇതിനായി ചെറുകിട മദ്യ നിര്‍മ്മാണ യൂണീറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം ഉത്പാദിപ്പിക്കുന്നതിനായി പുതിയ സാധ്യതകള്‍ തേടുന്നു എന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നത് സംബന്ധിച്ച് ഗവേഷണത്തിനായി രണ്ട് കോടി രൂപ അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും മദ്യത്തിനുള്ള നികുതി വര്‍ധിപ്പിക്കാതെ ആയിരുന്നു ബജറ്റ്.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും ഒരു കൗണ്‍സലിംഗ് കേന്ദ്രവും രണ്ട് ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളും ആരംഭിക്കും. മയക്കുമരുന്നിന് അടിമകളായവര്‍ക്ക് വേണ്ടി പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കും.

മയക്കുമരുന്നിന് എതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കായിക പ്രവര്‍ത്തനം അടക്കമുള്ള കാര്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ കൂടുതല്‍ ആകര്‍ഷിക്കാനായി എല്ലാ ജില്ലകളിലേക്കും ‘ഉണര്‍വ് ‘ പദ്ധതി വ്യാപിപ്പിക്കും എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലഹരി വസ്തുക്കള്‍ക്ക് എതിരായ പ്രതിരോധ പ്രവര്‍ത്തനമായ വിമുക്തിക്ക് വേണ്ടി 8 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്