ആദ്യം സിഗ്നൽ തകരാറിലായി, പിന്നീട് ട്രാക്ക് മാറ്റുന്ന പോയന്റും; വന്ദേഭാരത് ഇന്നലെ വൈകിയോടിയത് രണ്ട് മണിക്കൂർ

ആലപ്പുഴ വഴി തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ശനിയാഴ്ച വൈകിയോടിയത് രണ്ട് മണിക്കൂർ. എറണാകുളത്ത് ഒരു മണിക്കൂര്‍ 40 മിനിറ്റ് വൈകിഎത്തിയ ട്രെയിൻ കോഴിക്കോടും കണ്ണൂരും എത്തിയത് രണ്ട് മണിക്കൂർ വൈകിയാണ്. തീരദേശപാതയിലെ ചേപ്പാട് റെയില്‍വേ സിഗ്‌നല്‍ തകരാറിലായതും മാരാരിക്കുളം സ്റ്റേഷനിലെ ട്രെയിൻ ട്രാക്ക് മാറ്റുന്നതിനുള്ള പോയന്റ് തകാറിലായതുമാണ് വന്ദേഭാരത് വൈകാൻ കാരണമായത്.

സിഗ്‌നല്‍ തകരാറിലായതിനാല്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. പിന്നാലെ ആലപ്പുഴ സ്റ്റേഷനിലും 15 മിനിറ്റ് നിര്‍ത്തിയിട്ടു. ആലപ്പുഴ പിന്നിട്ട് മാരാരിക്കുളം സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രാക്ക് മാറ്റുന്നതിനുള്ള പോയന്റ് തകരാറിലായത്. 20 മിനിറ്റിനു ശേഷമാണ് ഇവിടെ തകരാര്‍ പരിഹരിച്ചത്. ആദ്യമായാണ് ഇതേ രീതിയില്‍ വൈകി വന്ദേഭാരത് വൈകുന്നത്.

ഒരു മാസം മുന്‍പാണ് തീരദേശപാതയിലൂടെ വന്ദേഭാരത് സര്‍വീസ് തുടങ്ങിയത്. ശനിയാഴ്ച തിരുവനന്തപുരത്തു നിന്നു പതിവുപോലെ 4.05നു തന്നെ വന്ദേഭാരത് പുറപ്പെട്ടു. കൊല്ലത്ത് രണ്ടുമിനിറ്റു വൈകി 4.53ന് എത്തി. പിന്നീട്, കൃത്യസമയത്തുതന്നെ കായംകുളം സ്റ്റേഷന്‍ പിന്നിട്ടു. അതിനുശേഷം ചേപ്പാട്ടെത്തിയപ്പോഴാണ് സിഗ്‌നല്‍ ലൈറ്റ് തെളിയാതെ വന്നത്.

വൈകിട്ട് 6.35ന് എറണാകുളത്ത് എത്തേണ്ട വണ്ടി രാത്രി 8.15നാണ് എത്തിയത്. കോഴിക്കോട് 9.23ന് എത്തേണ്ട തീവണ്ടി രണ്ടുമണിക്കൂര്‍ വൈകി 11.20നാണ് എത്തിയത്. കണ്ണൂരിൽ 10.24ന് എത്തേണ്ട വണ്ടി 12.22 നാണു എത്തിയത്.