അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും; മന്ത്രി കെ.രാജന്‍

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ.രാജന്‍. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം അപകടം ഉണ്ടായത്. സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിനു പിന്നിലിടിച്ച് അപകടം. സംഭവത്തില്‍ 9 പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. കൊട്ടാരക്കര – കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലേക്കാണ് ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും, 3 പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാള്‍ അധ്യാപകനുമാണ്. എല്‍ന ജോസ് ക്രിസ്വിന്റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവല്‍, എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ദീപു, അനൂപ്, രോഹിത എന്നിവരാണ് കെഎസ്ആര്‍ടിസിയിലെ യാത്രക്കാര്‍, വിഷ്ണു ആണ് മരിച്ച അധ്യാപകന്‍.