വാക്സിൻ ക്ഷാമം അതിരൂക്ഷം; അഞ്ച് ജില്ലകളിൽ ഇന്ന് വാക്സിനേഷന്‍ ഇല്ല

കേരളത്തിൽ വാക്സിൻ ക്ഷാമം അതിരൂക്ഷം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ ഇന്ന് വാക്സിനേഷനില്ല.

ബാക്കി ജില്ലകളിലും വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. നാളെ വാക്സിൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. ഉടൻ വാക്സിൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

കോളജ് വിദ്യാർത്ഥികൾകൾക്ക് ഉൾപ്പെടെ വാക്സിൻ ലഭ്യമാക്കാൻ ആരംഭിച്ച ഡ്രൈവും സ്തംഭിച്ചു. ഇന്നലെ സ്വകാര്യമേഖലയിൽ ഉൾപ്പെടെ 2.49 ലക്ഷം പേർക്ക് വാക്സിൻ നല്കി. നാളെ വാക്സിനെത്തിക്കുമെന്നാണ് വിവരം.

60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നൽകുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം ആൾക്കാരാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. അവർക്ക് ഓഗസ്റ്റ് 15നുള്ളിൽ തന്നെ ആദ്യ ഡോസ് വാക്‌സിൻ നൽകി തീർക്കാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശം.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,20,88,293 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,56,63,417 പേർക്ക് ഒന്നാം ഡോസ് കിട്ടി, 64,24,876 പേർക്ക് രണ്ടാം ഡോസും നൽകി.

2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേർക്കാണ് ഒന്നാം ഡോസ് കിട്ടിയത്. 18.3 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകി.